ആനയേക്കാള്‍ വിലയുള്ള നായ!! ‘കാഡബോം ഒകാമി’യെ 50 കോടിക്ക് സ്വന്തമാക്കി ഇന്ത്യക്കാരന്‍; ഇവന്റുകളിലെ സൂപ്പര്‍ സ്റ്റാര്‍ ഇവൻ

ഒരാനയുടെ വിലയുടെ നൂറിരട്ടി മൂല്യമുള്ള നായ ഉണ്ടെന്ന് കേട്ടാല്‍ ഞെട്ടരുത്. അവനാണ് കാഡബോം ഒകാമി (Cadabom Okami). ഇവനെ സ്വന്തമാക്കിയ ഒരു ഇന്ത്യക്കാരനാണ് കര്‍ണാടക സ്വദേശി എസ് സതീഷ്. 50 കോടി രൂപക്കാണ് സതീഷ് ഈ സൂപ്പർ സ്റ്റാറിനെ സ്വന്തമാക്കിയത്. ഇപ്പോൾ 55 കിലോ സ്വര്‍ണം വാങ്ങാനുള്ള തുകയാണ് 50 കോടി. അപ്പോഴാണ് സതീഷ് ഒരു നായയെ ഈ തുകക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ചെന്നായയും കൊക്കേഷ്യന്‍ ഷെപ്പേര്‍ഡും ചേര്‍ന്ന സങ്കര ഇനമാണ് കാഡബോം ഒകാമി. ഈ ഇനത്തില്‍ പെട്ട നായകള്‍ക്ക് വമ്പന്‍ സെലിബ്രിറ്റി സ്റ്റാറ്റസാണുള്ളത്. പ്രധാനപ്പെട്ട ഇവന്റുകള്‍ക്ക് കാഡബോം ഒകാമി ഗസ്റ്റ് അപ്പിയറന്‍സ് നടത്താറുണ്ട്. വന്‍ തുകയാണ് ഇത്തരം ഗസ്റ്റ് അപ്പിയറന്‍സിന് ഉടമകള്‍ ചുമത്തുന്നത്. 75 കിലോ ഭാരവും 30 ഇഞ്ച് പൊക്കവുമുണ്ട്. പ്രതിദിനം മൂന്നുകിലോ കോഴിയിറച്ചിയാണ് ഭക്ഷണം. ലോകത്തിലെ നായകളിൽ അപൂര്‍വവും ഏറ്റവും വിലയേറിയ ഇനവുമാണ് കാഡബോം ഒകാമി.
ചെന്നായയുടെ ശരീരപ്രകൃതങ്ങളും സ്വഭാവവുമൊക്കെ പുലര്‍ത്തുന്ന ഇനത്തില്‍ പെട്ടതാണ് കാഡബോം ഒകാമി. അപൂര്‍വ നായ ഇനങ്ങളുടെ വിപുലമായ ശേഖരണത്തിന് പ്രശസ്തി കേട്ട എസ് സതീഷാണ് ഇതിനെ അമേരിക്കയില്‍ നിന്ന് ഇടനിലക്കാരന്‍ വഴി വാങ്ങിയത്. 150ലധികം വ്യത്യസ്ത നായ ഇനങ്ങളുടെ ഉടമയാണ് സതീഷ്. ഇന്ത്യന്‍ ഡോഗ് ബ്രീഡ് അസോസിയേഷന്‍ പ്രസിഡന്റാണ് സതീഷ്.
കാഡബോം ഒകാമി ബംഗലൂരുവിലെ പ്രധാന പരിപാടികളില്‍ വിവിഐപിയായി പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ സിനിമകളുടെ റിലീസ്, വമ്പന്‍ കല്യാണങ്ങള്‍ തുടങ്ങിയ ഇവന്റുകളില്‍ 30 മിനിറ്റ് സാന്നിധ്യം അറിയിക്കാൻ രണ്ടര ലക്ഷം രൂപയാണ് അപ്പിയറന്‍സ് ചാര്‍ജായി സതീഷ് ഈടാക്കുന്നത്. അഞ്ചു മണിക്കൂറിന് 10 ലക്ഷം രൂപയാണ് ഈ സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലം.
തണുപ്പ് ഏറെയുള്ള പ്രദേശങ്ങളിലാണ് കാഡബോം ഒകാമി ഇനത്തില്‍പ്പെട്ട നായ്ക്കൾ വളരുന്നത്. ജോര്‍ജിയ, അര്‍മേനിയ, അസെര്‍ബൈജാന്‍ കൂടാതെ റഷ്യയിലെ ചില പ്രദേശങ്ങളിലും ഈ വര്‍ഗത്തില്‍പ്പെട്ട നായ്ക്കളെ കണ്ടുവരാറുണ്ട്. വന്യമൃഗങ്ങളില്‍ നിന്ന് വളര്‍ത്തു മൃഗങ്ങളെ പ്രത്യേകിച്ച് ചെന്നായ്ക്കളില്‍ നിന്ന് ആടുകളെ കാത്ത് രക്ഷിക്കാന്‍ ഇവര്‍ മുന്നിലുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here