നമ്പര്‍ വണ്‍ ആരോഗ്യ സംവിധാനത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിഎജി; മന്ത്രി വീണ മറുപടി പറയണം
നമ്പര്‍ വണ്‍ കേരളത്തിലെ നമ്പര്‍ വണ്‍ ആരോഗ്യ സംവിധാനം എന്നാണ് സര്‍ക്കാര്‍ കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വിശേഷിപ്പിക്കാറ്. എന്നാല്‍ ഈ മേഖലയിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞിരിക്കുകയാണ് 2024-ലെ സിഎജി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞു എന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുളളത്. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും പരാമര്‍ശമുണ്ട്.
ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിര്‍ദേശിക്കുന്ന പല അവശ്യസേവനങ്ങളും കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്ല. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം കുറവാണ്. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുതലായതില്‍ അമിതജോലിഭാരം മൂലം ഡോക്ടര്‍മാര്‍ ദുരിതത്തിലാണ്. ഇതുകാരണം ശരിയായ ചികിത്സ രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നും സിഎജി ചൂണ്ടികാട്ടിയിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ മരുന്ന് വിതരണത്തില്‍ മുഴുവന്‍ പാളിച്ചകളാണ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യത്തിന് മരുന്നുകള്‍ ഉറപ്പാക്കുന്നതില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു. ഇതുമൂലം വലിയ മരുന്ന് ക്ഷാമമാണ് അനുഭവപ്പെടുന്നത്. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ ഒരു നടപടിയും ഇല്ല. ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ ഗുരുതര വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here