പാമോലിൻ കാലത്ത് സിഎജി സൂപ്പർ!! പിപിഇ കിറ്റിൽ അഴിമതി കണ്ടെത്തിയപ്പോൾ സിപിഎമ്മിന് ചതുർത്ഥി

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ടിനെ തള്ളിപ്പറയുന്ന സിപിഎമ്മിന് ഒരു കാലത്ത് സിഎജി റിപ്പോർട്ട് വേദവാക്യമായിരുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന 1991-94 കാലത്ത് നടന്ന പാമോലിൻ ഇറക്കുമതിയിൽ സർക്കാരിന് ആറരക്കോടി രൂപയുടെ അധിക ചെലവുണ്ടായി എന്ന സിഎജി റിപ്പോർട്ട് ഏറ്റ് പിടിച്ച് നാടാകെ സമര പരമ്പരകൾ അഴിച്ചു വിട്ട ചരിത്രം മറക്കാറായിട്ടില്ല. മൻമോഹൻ സിംഗ് സർക്കാരിൻ്റെ കാലത്ത് നടന്ന ടു ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് പരമ പവിത്രമെന്നാണ് സിപിഎം വിശേഷിപ്പിച്ചിരുന്നത്. ഇന്നിപ്പോൾ പിണറായി സർക്കാർ കോവിഡ് കാലത്ത് നടത്തിയ അഴിമതിയെക്കുറിച്ച് സിഎജി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അവർക്കത് ചതുർത്ഥിയായി മാറി.
പിപിഇ കിറ്റ് വാങ്ങിയതിൽ സർക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോർട്ടിനെ തള്ളി മുൻ ധനകാര്യമന്ത്രി തോമസ് ഐസക് . പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ല. സിഎജി എന്ത് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നാണ് ഐസക്കിന്‍റെ വാദം. സിഎജിയെ ബിജെപി രാഷ്ട്രീയവൽക്കരിച്ചെന്നും അവരുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്നുമാണ് മുൻ ധനമന്ത്രിയുടെ നിലപാട്.
വിപണിയിൽ ലഭ്യമായതിനെക്കാൾ മൂന്നിരട്ടി വിലയ്ക്ക് കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയെന്നായിരുന്നു സിഎജി ഓഡിറ്റ് റിപ്പോർട്ട്. 2020 മാർച്ചുമുതൽ മേയ് വരെ വിപണിവിലയെക്കാൾ 300 ശതമാനം അധികനിരക്കിൽ പിപിഇ കിറ്റ് വാങ്ങിയതുവഴി സർക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയിൽനിന്ന് മൂന്നിരട്ടിവിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുൻമന്ത്രി കെ.കെ.ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോൾ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തിൽ സിഎജി റിപ്പോർട്ടും പുറത്തുവന്നത്.

1991-94 കാലത്തെ കരുണാകരൻ മന്ത്രിസഭയുടെ കാലത്താണ് മലേഷ്യയിൽ നിന്ന് പാമോലിൻ ഇറക്കുമതി ചെയ്തത്. 1991-92 കാലഘട്ടത്തിൽ പവർ ആൻഡ് എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന് ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോലിന്‍ ഇറക്കുമതി ചെയ്തതിലെ അഴിമതിയാണ് ബി.സി.ജോജോ എന്ന മാധ്യമ പ്രവർത്തകൻ കേരളകൗമുദിയിലൂടെ പുറത്തു കൊണ്ടുവന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിന്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് വിജിലൻസ് ചാർജ് ചെയ്ത കേസിലെ പ്രധാന ആരോപണം. പാമോയിൽ അഴിമതിക്കെതിരെ നൽകിയ കേസ് ഇനിയും അവസാനിച്ചിട്ടില്ല.
പാമോലിൻ ഇടപാടിൽ അഴിമതി ഉണ്ടെന്നുള്ള സിഎജി റിപ്പോർട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് കേരളകൗമുദി ചോർത്തി പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ നിയമസഭയ്ക്ക് അകത്തും പുറത്തും മുതലെടുത്ത പാർട്ടിയാണ് ഇപ്പോൾ സിഎജി റിപ്പോർട്ടിനെ തള്ളിപ്പറയുന്നത്.
1994 ഫെബ്രുവരി 15 ചൊവ്വാഴ്ച കേരളകൗമുദി പത്രത്തിൽ ജോജോയുടെ ബൈലൈനിൽ എട്ടു കോളം വാർത്ത – ”പാമോയിൽ അഴിമതി – മുഖ്യമന്ത്രി കുറ്റക്കാരൻ : സിഎജി ” പൊതുഖജനാവിന് ആറരകോടിയോളം രൂപ നഷ്ടമുണ്ടാക്കിയ പാമോയിൽ ഇറക്കുമതി ഇടപാടിൽ മുഖ്യമന്ത്രി കെ. കരുണാകരൻ നിർണായക പങ്ക് വഹിച്ചതായി കംപ്ട്രോളർ ആൻ്റ് ആഡിറ്റർ ജനറൽ കുറ്റപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഗവർണറെ അദ്ദേഹം ഈ വിവരം ധരിപ്പിച്ചു കഴിഞ്ഞു.” – ഇതായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഈ വാർത്തയെ അടിസ്ഥാനമാക്കി അന്നേ ദിവസം തന്നെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സഭയിൽ അടിയന്തര പ്രമേയവും അവതരിപ്പിച്ചു. ഒപ്പം വാക്കൗട്ടും നടത്തി. (ഒമ്പതാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം)
ജോജോയുടെ റിപ്പോർട്ട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. സി പി എമ്മും അവരുടെ പോഷക സംഘടനകളും പ്രക്ഷോഭവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. 1994 ഫെബ്രുവരി 15ന് മുൻമന്ത്രി കടകംപള്ളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പൊതുയോഗവും പ്രതിഷേധ പ്രകടനവും നടത്തി. ഇങ്ങനെ ഒരിക്കൽ സിപിഎം വാഴ്ത്തിപ്പാടിയ സിഎജി റിപ്പോർട്ട് ഇപ്പോൾ പാർട്ടിക്ക് വേണ്ടാതായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here