കരിപ്പൂരിലെ ഉയര്‍ന്ന ഹജ്ജ് യാത്രാനിരക്കില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി; വിമാന നിരക്ക് നയപരമായ വിഷയമെന്ന് വിശദീകരണം

കരിപ്പൂര്‍ വിമാനത്താവളം വഴിയുളള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിന് എതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. വിമാനയാത്രാ നിരക്ക് നിശ്ചയിക്കല്‍ നയപരമായ വിഷയം ആയതിനാൽ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നയപരമായ വിഷയങ്ങളില്‍ കോടതി ഇടപെടല്‍ ഗുണത്തേക്കാള്‍ ദോഷമാകും ഉണ്ടാക്കുക. എന്തുകൊണ്ടാണ് നിരക്ക് കൂടുതല്‍ ഈടക്കുന്നതെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് കരിപ്പൂര്‍ വഴിയുളള ഹജ്ജ് യാത്രയ്ക്ക് 40,000-ത്തോളം രൂപ അധികമായി ഈടാക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കോടതിയില്‍ ഹര്‍ജി എത്തിയത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മുസ്ലിങ്ങള്‍ക്ക് മതപരമായ കടമ നിര്‍വഹിക്കാന്‍ അവസരം ഒരുക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അരുണബ് ചൗധരിയും അഭിഭാഷകന്‍ ഹാരിസ് ബീരാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യം തള്ളി. നിരക്ക് കുറയ്ക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ ചിലപ്പോള്‍ വിമാന കമ്പനികള്‍ സര്‍വീസ് നടത്താതിരിക്കാം. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. എന്നാല്‍ ഉയര്‍ന്ന നിരക്കിന്റെ കാരണം അറിയാനുള്ള യാത്രക്കാരുടെ അവകാശത്തെ മാനിക്കുന്നു എന്നും വ്യക്തമാക്കിയാണ് കുറിപ്പ് പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top