കാലിക്കറ്റ് എന്‍ഐടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; രാത്രി 12-നുള്ളില്‍ ഹോസ്റ്റലില്‍ കയറിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍; ‘ഗോഡ്‌സെ’ കമന്റുമായി ബന്ധപ്പെട്ട പ്രതികാര നടപടിയെന്ന് ആക്ഷേപം
കോഴിക്കോട്: കാലിക്കറ്റ് എന്‍ഐടിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി 11നുശേഷം ക്യാംപസ് പ്രവര്‍ത്തിക്കില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ 12 മണിക്കുള്ളില്‍ കോളജ് ഹോസ്റ്റലില്‍ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും സ്റ്റുഡന്റ് വെല്‍ഫയര്‍ ഡീൻ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ക്യാംപസിലേക്കുള്ള അനിയന്ത്രിതമായ പ്രവേശനവും രാത്രി വൈകി കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നതും സുരക്ഷാ വീഴ്ചയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തല്‍. 11 മണിയോടെ കാന്റീനുകളും അടയ്ക്കും. വിദ്യാര്‍ഥികളുടെ രാത്രി വൈകിയുള്ള യാത്രകള്‍ കാരണം സുരക്ഷാ വീഴ്ചയുണ്ടാകുന്നുണ്ടെന്നും കുട്ടികള്‍ക്ക് ഉറക്കക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഐടിയില്‍ സമീപകാലത്തു നടന്ന പ്രതിഷേധങ്ങളോടുള്ള പകപോക്കലാണു പുതിയ നിയന്ത്രണങ്ങളെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അടുത്തിടെയുള്ള വിവാദങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും സൂചനയുണ്ട്. മഹാത്മ ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് അധ്യാപിക ഷൈജ ആണ്ടവൻ ഫെയ്‌സ്ബുക് കമന്റിട്ടത് വിവാദമായിരുന്നു. ഗോഡ്‌സെ അഭിമാനമാണെന്നു കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ എന്‍ഐടിക്ക് എതിരായി നടന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here