എസ്എഫ്ഐ നേതാവിന് മാർക്ക് ദാനം; പരാതിയിൽ വാദംകേട്ട് ഗവര്‍ണര്‍
കാലിക്കറ്റ് സർവകലാശാല വിമൻസ് സ്റ്റഡീസില്‍ അസി. പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എസ്എഫ്ഐയുടെ മുൻ വനിത നേതാവ് ഡയാനക്ക് 2009ലെ എംഎ പരീക്ഷയിൽ ലഭിച്ച മാർക്കിൽ വർഷങ്ങൾക്ക് ശേഷം വർധനവ് നൽകിയെന്ന പരാതിയില്‍ ഗവർണർ വാദംകേട്ടു.
ഹാജറിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാലയുടെ റെഗുലേഷനുകളിൽ വ്യവസ്ഥയില്ല. നിശ്ചിത 75 ശതമാനത്തിൽ കുറവ് ഹാജർ ഉള്ളതിനാൽ ഫീസ് അടച്ച് ഇളവ് നേടി പരീക്ഷ എഴുതാൻ അനുമതി ലഭിച്ച ഡയാനയ്ക്ക് എട്ടു വർഷം കഴിഞ്ഞ് 21 മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടി നൽകിയത് മാർക്ക് ദാനമാണെന്നാണ് പരാതിക്കാരുടെ ആക്ഷേപം. അക്കാദമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് വിസിയും സിൻഡിക്കേറ്റും നടത്തിയതെന്ന് പരാതിക്കാർ വാദിച്ചു.
സര്‍വകലാശാല ഹാജർ രേഖകൾ കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവർക്കും മാർക്ക് നൽകാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചതെന്ന് രജിസ്ട്രാർ ഡോ. ഇ.കെ.സതീഷ് വാദിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും മറ്റ് പരാതിക്കാർക്ക് വേണ്ടി അഡ്വ. നവനീത് കൃഷ്ണനും ഹാജരായി. ഡയാന ഹാജരായില്ല. ഡയാനയ്ക്ക് മാർക്ക് കൂട്ടി നൽകിയതിൽ പരാതിയുള്ള രണ്ട് സഹവിദ്യാർത്ഥിനികൾ ഓൺലൈനിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു. ഗവർണറുടെ തീരുമാനം അന്തിമമായിരിക്കും.
ഡയാനക്ക് അധിക മാർക്കിന് അർഹതയില്ലെന്നതിനാൽ ചട്ടവിരുദ്ധമായി മാർക്ക് അനുവദിക്കുന്നത് അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. അൻവർ ജഹാൻ സുബൈരി 2010ൽ തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാൽ 2018ൽ വകുപ്പ് മേധാവിയായിരുന്ന ഇപ്പോഴത്തെ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാരന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡയാനയ്ക്ക് 21 മാർക്ക് കൂട്ടി നൽകാൻ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ വിദ്യാർത്ഥികൾക്കും ഒരേപോലെ ഹാജർ വെയിറ്റേജ് നൽകി ഇന്റേണൽ മാർക്കിന് പരിഗണിക്കാനായിരുന്നു ഉത്തരവ്.
മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിചെയർമാൻ ആർഎസ്.ശശികുമാർ, സെക്രട്ടറിഎം.ഷാജർഖാൻ, സിൻഡിക്കറ്റ് മെമ്പര്‍ ഡോ. റഷീദ് അഹമ്മദ്, മാധ്യമ റിപ്പോർട്ടർമാര്‍ എന്നിവരെ എതിർകക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസ് ജൂലൈ 9ന് പരിഗണനയ്ക്ക് വരുന്നതിന് തൊട്ട് മുൻപാണ് ഗവർണറുടെ ഹീയറിങ് നടന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here