സോണിയാ ഗാന്ധിയുടെ വീട് കത്തിക്കാൻ ആഹ്വാനം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ പരാതി

ഗുവാഹത്തി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മക്കെതിരെ പരാതി. സോണിയാ ഗാന്ധിയുടെ വസതി കത്തിക്കാൻ ആഹ്വാനം ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയയാണ് പരാതി നൽകിയത്.
അക്രമത്തിനും തീവെപ്പിനും വ്യക്തമായ നിർദ്ദേശം നൽകുന്നതാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രസംഗമെന്നും അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു.രാജസ്ഥാനിൽ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പരാതിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല
പരാതി ഐപിസി സെക്ഷൻ 153 (പ്രകോപനം സൃഷ്ടിക്കൽ), സെക്ഷൻ 115/436 (അക്രമത്തിന് പ്രേരണ) എന്നിവ പ്രകാരം പരിശോധിച്ചുവരികയാണെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ശിവസാഗർ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഭരണഘടനാപരമായ അധികാരമുള്ള ഒരു വ്യക്തിയുടെ ഇത്തരം അനാവശ്യ പ്രസ്താവനകൾ ചിലരെ അക്രമത്തിലേക്ക് നയിക്കാനും നമ്പർ 10 ജൻപഥിൽ താമസിക്കുന്നവർക്ക് അപകടം വരുത്താനും സാധ്യതയുണ്ട് എന്നും സൈകിയ ചൂണ്ടിക്കാട്ടി
സെപ്തംബർ 18ന് മധ്യപ്രദേശിലെ വിധിഷ ജില്ലയിൽ നടന്ന റാലിയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് അസം മുഖ്യമന്ത്രിയുടെ ആഹ്വാനം. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിന്റെ ഹിന്ദു സ്വത്വത്തെ പരിഹസിച്ച ഹിമന്ത, നമ്പർ 10 ജൻപഥ് കത്തിച്ചുകളയണമെന്ന് ആഹ്വാനം ചെയ്തതായി അസം പ്രതിപക്ഷ നേതാവ് കൂടിയായ സൈകിയ പരാതിയിൽ പറഞ്ഞു.
പ്രസ്താവന നടത്തിയത് മധ്യപ്രദേശിലാണെങ്കിലും അസമിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവ കൂടിയായ 77 വയസ്സുള്ള ഒരു സ്ത്രീയുടെ വസതി അഗ്നിക്കിരയാക്കണമെന്ന ആഹ്വാനം പ്രതിപക്ഷത്തിനെതിരായ പ്രസംഗമല്ലെന്നും തീവെപ്പിനുള്ള ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here