കാലിഗ്രഫിക്ക് ഭാവിയില്ലെന്ന് കരുതരുത്; അനന്തമായ സാധ്യതകള്‍ എണ്ണി പറഞ്ഞ് ആര്‍ട്ടിസ്റ്റ് ഭട്ടതിരി
തിരുവനന്തപുരം: മലയാളം കാലിഗ്രഫിയെ ലോകത്തിന് മുന്നിൽ എത്തിച്ച അതുല്യ പ്രതിഭയാണ് നാരായണ ഭട്ടതിരി അഥവാ ആർട്ടിസ്റ്റ് ഭട്ടതിരി. കേരളത്തിലെ പ്രധാനപ്പെട്ട ആഴ്ചപ്പതിപ്പുകളുടെ തലക്കെട്ടിലും ഡിസൈനിലും വിപ്ലകരമായ മാറ്റം കൊണ്ടുവന്നതും ഭട്ടതിരിയാണ്. വരയുടെയും വർണ്ണങ്ങളുടെയും അക്ഷരങ്ങളുടെയും സമന്വയമാണ് കാലിഗ്രഫി. അതുകൊണ്ട് തന്നെ ചിത്രരചനക്ക് ഒരുപടി മുന്നിലാണ് കാലിഗ്രഫി എന്ന് ഭട്ടതിരി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
‘കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേ ഇങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന്നു നാം വൃഥാ’, പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ഈ വരികൾ ഭട്ടതിരിയുടെ കാലിഗ്രഫിയിലൂടെ ഇപ്പോൾ ചൈനയിലെ സ്റ്റോൺ പാർക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത കാലിഗ്രഫർമാരുടെ സൃഷ്ടികളാണ് കല്ലിൽ കൊത്തി വച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് രണ്ട് കാലിഗ്രഫുകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്; ആദ്യത്തെ രബീന്ദ്രനാഥ ടാഗോറിന്റേതും.
ആഗോളതലത്തിൽ ലഭിക്കുന്ന പ്രചാരം ഇന്ത്യയിൽ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ ഈ കലയ്ക്ക് ലഭിക്കുന്നില്ല. എന്ത് ചെയ്യുമ്പോഴും അതിന് ഭാവിയിലേക്ക് എന്ത് സാധ്യതയുണ്ടെന്ന് ചിന്തിക്കുന്ന പുതിയ തലമുറയും അവരുടെ രക്ഷിതാക്കളും കാലിഗ്രഫിയിൽ ഭാവിയുണ്ടോ എന്നാണ് ആലോചിക്കുന്നത്. മറിച്ച് ഇതൊരു കലയായി കണ്ടാൽ താല്പര്യമുള്ള പലർക്കും ഇതിൽ ഉയർന്നു വരാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. സർക്കാർ തലത്തിൽ നിന്നും കാര്യമായ പ്രോത്സാഹനം കാലിഗ്രഫിക്ക് ലഭിച്ചിട്ടില്ല. അതിന് പ്രധാന കാരണം ഇതിനെപ്പറ്റി അറിവില്ലാത്തതാണ്.
കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിൽ കാലിഗ്രഫി പഠിപ്പിക്കുന്നുണ്ടെങ്കിലും, അടിസ്ഥാന വിവരം മാത്രമേ പഠിപ്പിക്കുന്നുള്ളു അതും ഇംഗ്ലീഷ് കാലിഗ്രഫിയാണ് പഠിപ്പിക്കുന്നത്. മലയാളം ഒരിടത്തും പഠിപ്പിക്കുന്നില്ല. ഞാൻ കാലിഗ്രഫി പഠിച്ചിട്ടില്ല പക്ഷെ അക്ഷരങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഇതിലേക്ക് വന്നതാണ്. കാലിഗ്രഫി ചെയ്യാൻ വരയ്ക്കാൻ അറിയണമെന്നില്ല. ആളുകൾക്കിടയിൽ ബോധവത്കരണം നടത്തിയാൽ കുറച്ചുകൂടി പ്രചാരം ലഭിക്കുമെന്ന് ഭട്ടതിരി പറയുന്നു.
ഇന്ത്യയിലെ ആദ്യ കാലിഗ്രഫി ആർട്ട് ഗ്യാലറിയായ ‘കചടതപ’ ഭട്ടതിരിയുടേതാണ്. കലാകൗമുദിയിൽ ജോലി ആരംഭിച്ച കാലത്താണ് കാലിഗ്രഫർ എന്ന പദവി ലഭിക്കുന്നത്. അന്ന് മറ്റൊരിടത്തും ഈ പോസ്റ്റ് ഇല്ല. പിന്നീട് നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും വേണ്ടി കാലിഗ്രഫി ചെയ്തു. കചടതപ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ആദ്യ കേരള അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവൽ കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള കാലിഗ്രഫി കലാകാരന്മാർ ഇതിന്റെ ഭാഗമായി. അദ്ദേഹത്തെക്കുറിച്ച് അനൂപ് നാരായണൻ സംവിധാനം ചെയ്‌ത ഡോക്യുമെന്ററിയാണ് ‘അക്ഷരങ്ങൾ എന്നും ഇഷ്ടമായിരുന്നു’. 2015 മുതൽ സ്ഥിരമായി ഫേസ്ബുക്കിൽ കാലിഗ്രഫി പോസ്റ്റ് ചെയുന്ന ഭട്ടതിരിയുടെ സൃഷ്ടികളിൽ ഭൂരിഭാഗവും കവിതകളാണ്, അതിൽത്തന്നെ 200ലേറെ ആശാന്റെ വരികളും.