ഷർട്ടിട്ട് അമ്പലത്തിൽ കയറാനുള്ള നീക്കം വീണ്ടും സജീവമാക്കി തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഭക്തർ; അന്തിമ തീരുമാനം തന്ത്രിമാരുമായി ആലോചിച്ചെന്ന് മുഖ്യതന്ത്രി

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകാനുള്ള നീക്കങ്ങൾ വീണ്ടും തുടങ്ങി. ക്ഷേത്രങ്ങളിൽ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം ദുരാചാരങ്ങൾ നീക്കാൻ ശ്രീനാരായണീയസമൂഹം ഇടപെടണമെന്നുള്ള ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ തുടർന്നാണ് നീക്കം സജീവമായത്. ശിവഗിരി തീർത്ഥാടന വേദിയിലാണ് സ്വാമി സച്ചിദാനന്ദ ഈ വാദം ഉയർത്തിയത്. ഈ നിലപാടിനോട് മുഖ്യമന്ത്രി പിണറായി വിജയൻ യോജിക്കുകയും ചെയ്തു. ഇതോടെയാണ് ക്ഷേത്ര ദർശനത്തിന് മേൽവസ്ത്രം വേണോ വേണ്ടയോ എന്ന ചർച്ച സജീവമായത്.

ജ്ഞാനോദയം ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ജാതിയുടെയും മതത്തിൻ്റെയും കോമരങ്ങള്‍ കലിതുള്ളിയ കാലത്ത് 1908ൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയതാണ് തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രം. ബ്രാഹ്‌മണര്‍ക്ക് പകരം അബ്രാഹ്‌മണര്‍ പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ശിവക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്.

‘ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ രണ്ട് വർഷം മുമ്പ് ക്ഷേത്ര മാനേജ്മെൻ്റ് അനുമതി നൽകിയിരുന്നു. എന്നാൽ എതിർപ്പുകളെത്തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് കെ.സത്യൻ പറഞ്ഞു. ഭക്തരുടെ മേൽ ഒരു തീരുമാനവും അടിച്ചേല്പിക്കില്ല. എന്ത് തന്നെയായാലും എല്ലാവരുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന ഉത്സവത്തിന് മുമ്പായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ജ്ഞാനോദയം ട്രസ്റ്റ് ബോർഡ് അംഗം കെ.അജിത് കുമാർ പറഞ്ഞു. ഇക്കാര്യം അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആചാരപരമായ കാര്യങ്ങളിൽ രാഷ്ടീയ നേതാക്കൾ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ പൂജാരി രാകേഷ് തന്ത്രി പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന ആചാരങ്ങൾ മാറ്റമില്ലാതെ തുടരണം. നിലവിൽ ക്ഷേത്ര ദർശനത്തിന് വരുന്ന പുരുഷന്മാർ ഷർട്ട് ഊരിയിട്ടാണ് പ്രവേശിക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെങ്കിൽ പൂജാരിമാരുടെ യോഗം ചേർന്ന് തീരുമാനം എടുക്കണം. അതാണ് തൻ്റെ നിലപാട് എന്ന് രാകേഷ് തന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top