‘ഹിന്ദു’ അഭിമുഖത്തിലെ വിവാദഭാഗം പിആർ കമ്പനിക്ക് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; കൈകഴുകി കെയ്സൻ; രണ്ടുപേർക്കെതിരെ നടപടിക്ക് സാധ്യത

‘ഹിന്ദു’വിലെ വിവാദ അഭിമുഖത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേരാണെന്ന് സൂചന. ഇരുവർക്കും ഒപ്പം ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമെതിരെ ഇന്ന് നടപടിക്ക് സാധ്യത. ‘ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖത്തിൻ്റെ ഉള്ളടക്കം യഥാർത്ഥത്തിൽ മുൻകൂട്ടി എഴുതി നൽകിയതാണെന്നും, അഭിമുഖം നടത്തിയ ദിവസം പിആർ ഏജൻസിയിലെ രണ്ടുപേരും ഹിന്ദു ലേഖികയും മുഖ്യമന്ത്രിയെ പോയി കണ്ട് ചുരുങ്ങിയ സമയം കൊണ്ട് പിരിയുകയായിരുന്നു എന്നും, ചോദ്യവും ഉത്തരവും സിഎംഒ തന്നെ തയാറാക്കി നൽകിയതാണെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. ‘ഹിന്ദു’ പത്രത്തിൻ്റെ ക്രെഡിബിലിറ്റിയെ തന്നെ ഇല്ലാതാക്കുന്ന നിലയിലേക്ക് വളരുന്ന വിവാദം, ഞെട്ടിക്കുന്ന ചില വസ്തുതകളും പുറത്തു കൊണ്ട് വരികയാണ്.

പിവി അൻവർ ഉയർത്തിയ വിവാദങ്ങൾ മറികടക്കാനും, സാഹചര്യങ്ങൾ അനുകൂലമാക്കാനും, സിപിഎമ്മിൻ്റെ മാറിയ രാഷ്ട്രീയ ലൈൻ വിവാദത്തിലൂടെ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പുകൾ പാർട്ടിക്ക് അനുകൂലമാക്കാനും കെയ്സൻ എന്ന പിആർ ഏജൻസി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ വിശാല മാധ്യമ ഇടപെടൽ പദ്ധതിയാണ് പൊളിഞ്ഞടുങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ന്യൂനപക്ഷ വോട്ടും ഭൂരിപക്ഷ വോട്ടും കൈവിടുന്ന നില വന്നത് സിപിഎമ്മിലും എൽഡിഎഫിലും പിണറായി ഒറ്റപ്പെടുന്ന നിലയിൽ വിവാദം വളർന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസ് തലപ്പത്തും അഴിച്ചുപണിക്ക് പിണറായി നിർബന്ധിതനാകുന്നത്‌. മറ്റ് ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഇന്നുതന്നെ ഇക്കാര്യങ്ങൾ തീരുമാനമാകും. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ മുൻപെങ്ങുമില്ലാത്ത സമ്മർദത്തിലാണ് പിണറായി വിജയൻ.

പിവി അൻവർ വിവാദത്തിന് പിന്നാലെ സ്വർണ-ഹവാല കടത്ത് അടക്കം മലപ്പുറത്തെ ക്രിമിനൽ കേസുകളുടെ ഡേറ്റ പ്രത്യേകമായെടുത്ത് പിആർ കമ്പനിക്ക് കൈമാറിയിരുന്നു എന്ന വസ്തുതയും ഇപ്പോൾ പുറത്താകുകയാണ്. ഇതവർ ഡൽഹി കേന്ദ്രീകരിച്ച് വിവിധ മാധ്യമങ്ങൾക്ക് ഇ മെയിൽ, വാട്സ് ആപ്പ് വഴി ലഭ്യമാക്കിയതിൻ്റെ ഫലമായി എഎൻഐ എന്ന മോഡി അനുകൂല വാർത്താ ഏജൻസി ഇക്കാര്യം പുറത്തുവിട്ടിരുന്നു. ദേശീയ മാധ്യമമായ സെപ്തംബർ 16ന് എക്കണോമിക് ടൈംസ് ഇത് വാർത്തയുമാക്കി. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിന് ഈ ലേഖനം എഡിറ്റ് ചെയ്തതായും കാണുന്നുണ്ട്. അതായത് ഹിന്ദു അഭിമുഖം പുറത്തുവന്ന് വിവാദമായ ശേഷം. കേരള പോലീസിൻ്റെ കാര്യക്ഷമമായ ഇടപെടലുകളെന്ന് വാഴ്ത്തി സ്വർണം പിടികൂടുന്ന നടപടികളെക്കുറിച്ച് പരാമർശിക്കുന്ന ലേഖനത്തിൽ പിണറായി അനുകൂല പരാമർശങ്ങൾ വേണ്ടുവോളം കാണാം.

അതും കഴിഞ്ഞ് വീണ്ടും അഞ്ചുദിവസം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഇതേ കണക്കുകൾ വിശദീകരിക്കുന്നത്. മലപ്പുറത്തിൻ്റെ കേസ് ഡേറ്റ പുറത്തുവിട്ട സെപ്തംബർ 21ൻ്റെ പത്രസമ്മേളനത്തിന് പക്ഷെ ഇംപാക്ട് കുറഞ്ഞുവെന്ന് കരുതിയാകണം പിആർ കമ്പനി മുഖേന ദ ഹിന്ദുവിൽ അഭിമുഖം ചോദിച്ചുവാങ്ങിയത്. സെപ്തംബർ 30ന് പ്രസിദ്ധീകരിച്ച് വന്ന അഭിമുഖത്തിൽ മലപ്പുറം (കരിപ്പൂർ)എയർപോർട് വഴി വരുന്ന അനധികൃത സ്വർണവും ഹവാലയും സംസ്ഥാന – രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം കൂടി അധികമായി വന്നു. ഇത് തെളിയിക്കാൻ വസ്തുതയുടെ പിൻബലം മുഖ്യമന്ത്രിക്ക് ഇല്ലാതാവുകയും വൻ വിവാദം പൊട്ടിപ്പുറപ്പെടുകയും ചെയ്തയോടെ പിണറായി ഊരാക്കുടുക്കിലായി. അതാണ് സിഎംഒയിലും പൊലീസിലും നടപടി വേണമെന്ന സാഹചര്യം സൃഷ്ടിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top