യോഗി ‘യോഗി’യല്ല…’; കൂട്ടബലാത്സംഗ കേസില്‍ 2023ലെ ഡിഎൻഎ പരിശോനാ നിര്‍ദേശം മാധ്യമങ്ങളെ കാണിച്ച് അഖിലേഷ്
അയോധ്യയിലെ കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെങ്കിൽ യോഗിയെ ‘യോഗി’ എന്ന് വിളിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഒരു അജണ്ട സെറ്റ് ചെയ്യാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി. കേസിൽ സമാജ്‌വാദി പാർട്ടി നേതാവ് മൊയ്ദ് ഖാനെ അറസ്റ്റ് ചെയ്ത പോലീസ് നടപടികളോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം.
“സോഷ്യലിസ്റ്റുകളെ അപകീർത്തിപ്പെടുത്തുക എന്നതാണ് തുടക്കം മുതൽ ബിജെപി ചെയ്യുന്നത്. മുസ്ലീങ്ങളെക്കുറിച്ചുള്ള അവരുടെ മനോഭാവം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു ‘യോഗി’ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ലെങ്കിൽ അയാളെ എങ്ങനെ യോഗിയെന്ന് വിശേഷിപ്പിക്കാൻ സാധിക്കും”- അഖിലേഷ് യാദവ് പറഞ്ഞു.
ഹത്രാസിൽ ഭോലെ ബാബയുടെ സത്സംഗത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാരും നേതാക്കളുമാണ് കത്ത് നൽകിയത്. എന്നാൽ കൃത്യമായ ക്രമീകരണങ്ങൾ നടത്തുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. ഇതുകാരണം എത്ര ജീവനുകളാണ് നഷ്ടപ്പെട്ടത്. യോഗി സർക്കാർ പരാജയമാണെന്ന് ഹാത്രാസ് ദുരന്തം ചൂണ്ടിക്കാട്ടി വിമർശിച്ച അഖിലേഷ് ലഖ്നൗ പീഡനത്തിൽ മുസ്ലീംങ്ങളെയും യാദവരെയും വേട്ടയാടിയെന്നും ആരോപിച്ചു.
എല്ലാ പ്രതികളുടെയും ലിസ്റ്റ് പൊലീസ് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ എന്തിനാണ് യോഗി ആദിത്യനാഥ് യാദവരുടേയും മുസ്ലിംങ്ങളുടെയും പേരുകൾ എടുത്ത് പറഞ്ഞത്. പോലീസ് ബിജെപി പ്രവർത്തകരെപ്പോലെ പ്രവർത്തിക്കണമെന്നാണ് സർക്കാരിൻ്റെ ആവശ്യം.ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന 2023ലെ ബിജെപി സർക്കാരിൻ്റെ ഉത്തരവുണ്ട്. അപ്പോൾ കേസിൽ തൻ്റെ ആവശ്യം എങ്ങനെ തെറ്റാകുമെന്ന് കയ്യിലുള്ള ഉത്തരവിൻ്റെ കോപ്പി മാധ്യമങ്ങളെ ഉയർത്തിക്കാട്ടി അഖിലേഷ് യാദവ് ചോദിച്ചു. അയോധ്യയിലെ കൂട്ടബലാത്സംഗ കേസിൽ ഡിഎൻഎ പരിശോധന വേണമെന്ന അഖിലേഷിന്‍റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥും ബിജെപിയും രംഗത്തെത്തിയിരുന്നു.
കേസിലെ പ്രതി മൊയ്ദ് ഖാൻ സമാജ്‌വാദി പാർട്ടി അംഗമാണെന്നും ഫൈസാബാദ് എംപി അവധേഷ് പ്രസാദിന്‍റെ അടുപ്പക്കാരനാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഖിലേഷ് യാദവ് ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടത്. കേസിൽ നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി മറ്റ് സമാജ്‌വാദി പാർട്ടി നേതാക്കളും രംഗത്തുണ്ട്.
ജൂലൈ 30നാണ് മൊയ്ദ് ഖാനേയും ജോലിക്കാരൻ രാജു ഖാനേയും 12 വയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുന്നത്. രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്. രണ്ടുമാസം മുമ്പ് നടന്ന പീഡനത്തിൽ പെൺകുട്ടി ഗർഭിണി ആണെന്ന് വൈദ്യ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here