പത്മപുരസ്കാര ജേതാക്കളിൽ കൊലക്കേസ് – തട്ടിപ്പുകേസ് പ്രതികളും!! സുന്ദർ മേനോൻ്റെ അവാർഡ് തിരിച്ചെടുക്കാൻ വകുപ്പുണ്ടോ?

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്കാരം തിരിച്ചെടുക്കാൻ വകുപ്പുണ്ടോ? അവാർഡു ജേതാക്കൾ ക്രിമിനൽ കേസുകളിലും മറ്റും പ്രതികളായാൽ രാഷ്ട്രപതിക്ക് അവാർഡ് റദ്ദാക്കാൻ അവകാശമുണ്ടോ? തൃശൂരിൽ നിന്നുള്ള പ്രവാസി വ്യവസായിയെന്ന് സ്വയം വിശേഷിപ്പിച്ച്, ആ ഗണത്തിൽ പത്മശ്രീ തരപ്പെടുത്തിയ സുന്ദർ മേനോൻ 30 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലാകുകയും, ഇയാളുടെ പത്മ അവാർഡ് തിരിച്ചെടുക്കാൻ രാഷ്ട്രപതിക്ക് മുന്നിൽ അപേക്ഷ എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്.
ഓരോ മേഖലയിലും മികവ് തെളിയിച്ചവർക്കാണ് പത്മ പുരസ്കാരം രാഷ്ട്രപതി നല്കുന്നത്. പുരസ്കാരം നല്കുന്നതിന് വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമാവലിയുമുണ്ട്. 1955ലെ സ്റ്റാറ്റ്യൂട്ട് ആൻ്റ് റൂൾസ് റിലേറ്റിംഗ് ടു ദ അവാർഡ്സ് ഓഫ് ഭാരത് രത്ന, പത്മവിഭൂഷൺ, പത്മഭൂഷൺ ആൻ്റ് പത്മശ്രീ (Statutes & Rules Relating to the Awards of Bharat Ratna, Padmavibhushan, Padmabhushan & Padmasree 1955) പ്രകാരമാണ് ദേശീയ പുരസ്കാരങ്ങൾ നല്കുന്നത്.
എല്ലാ വർഷവും പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാർഡ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അവാർഡുകൾ നൽകുന്നത്. നാമനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നല്കുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിന് പത്മവിഭൂഷൺ, ഉന്നതരുടെ വിശിഷ്ട സേവനത്തിന് പത്മഭൂഷൺ, ഒപ്പം വിശിഷ്ട സേവനത്തിന് പത്മശ്രീ. ഇങ്ങനെയാണ് ഏറെക്കുറെയുള്ള തരംതിരിവ്. എല്ലാ വർഷവും റിപ്പബ്ളിക് ദിനത്തിൻ്റെ തലേന്ന് അവാർഡുകൾ പ്രഖ്യാപിക്കും.
അവാർഡ് തിരിച്ചെടുക്കാനും റദ്ദാക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് പുരസ്കാരചട്ടത്തിൻ്റെ പത്താം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. “പുരസ്കാര പദവി ദുരുപയോഗം ചെയ്തെന്ന വിവരം ലഭിച്ചാൽ രാഷ്ട്രപതിക്ക് അവാർഡ് റദ്ദാക്കാനും അസാധുവാക്കാനും അധികാരമുണ്ട്. ഒപ്പം അവാർഡു ജേതാക്കളുടെ പേരുകൾ അടങ്ങിയ രജിസ്റ്ററിൽ നിന്ന് പേര് നീക്കം ചെയ്യാനും അധികാരമുണ്ട്”- ചട്ടം 10ൽ വിശദമാക്കുന്നത് ഇങ്ങനെ. എന്നാൽ ഈ വകുപ്പ് ഉപയോഗിച്ച് ഇതുവരെ ആരുടെയും പുരസ്കാരം റദ്ദാക്കിയിട്ടില്ല എന്നാണ് രേഖകൾ പറയുന്നത്.

പ്രശസ്ത ഗുസ്തി താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ സുശീൽ കുമാറിന് 2011ൽ രാഷ്ടം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. 2008ലെ ബീജിംഗ് ഒളിമ്പിക്സിലും 2012ലെ ലണ്ടൻ ഒളിമ്പിക്സിലും വെങ്കല മെഡൽ ജേതാവുമായിരുന്നു സുശീൽ. എന്നാൽ 2021 മെയ് നാലിന് സുശീൽ കുമാറും മറ്റ് മൂന്നുപേരും ചേർന്ന് ഗുസ്തി താരമായ സാഗർ ധൻകർ എന്ന 23കാരനെ മർദ്ദിച്ചു കൊന്ന കേസിൽ അറസ്റ്റിലായി. ദീർഘകാലം ജയിലിൽ കിടന്നിരുന്നു. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. സുശീൽ അടക്കം 17 പേർക്കെതിരെ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

1981ൽ പത്മശ്രീയും 1983ൽ പത്മഭൂഷണും ലഭിച്ച ലോക ബില്യാർഡ്‌സ് ചാമ്പ്യൻ മൈക്കിൾ ഫെരേര 2016ൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പുകേസിൽ പെട്ട് ആറുമാസം ജയിലിൽ കിടന്നിരുന്നു. മൈക്കിൾ ഫെരേരയും കൂട്ടരും ചേർന്ന് 425 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് മുംബൈ പോലിസ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് നല്കിയ പത്മ പുരസ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പു കേസിലെ പരാതിക്കാരനായ ഗുർപ്രീത് സിംഗ് ആനന്ദ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

ഇപ്പോൾ ഏറ്റവും ഒടുവിൽ പ്രവാസി മലയാളി വ്യവസായിയും പത്മശ്രീ ജേതാവുമായ സുന്ദർ മേനോൻ നിക്ഷേപത്തട്ടിപ്പിൽ ഇന്നലെ അറസ്റ്റിലായി. 30 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രവാസി വ്യവസായി എന്ന നിലയിലാണ് ഇയാൾക്ക് 2016ൽ പത്മശ്രീ ലഭിച്ചത്. പത്തുവർഷം എത്തും മുൻപാണ് കേസിൽ പെട്ട് അറസ്റ്റിലായിരിക്കുന്നത്. പത്മശ്രീ ലഭിച്ചതിന് ശേഷം വേറെയും കേസിൽ ഇയാൾ അറസ്റ്റിലായി റിമാൻഡിലായിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു പത്മശ്രീ ജേതാവ് ഈ വിധം കേസുകളിൽ കുടുങ്ങുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here