മന്ത്രിസഭാ യോഗം ബാര്‍ ഹോട്ടലില്‍ ചേരാമോ; കാരണം വിശദമാക്കണമെന്ന് കോൺഗ്രസ്

തലശ്ശേരി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭാ യോഗം സ്വകാര്യ ബാര്‍ ഹോട്ടലില്‍ ചേര്‍ന്നു. ബുധനാഴ്ച രാവിലെ തലശ്ശേരി- കൊടുവള്ളിയിലെ പേൾവ്യൂ റസിഡൻസിയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിനെതിരെയാണ് വിമർശനമുയരുന്നത്. യോഗത്തിന്‍റെ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡൻ്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കണ്ണൂരിലും തലശ്ശേരിയിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസും ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ളപ്പോള്‍ സ്വകാര്യ ബാര്‍ ഹോട്ടലില്‍ മന്ത്രിസഭാ യോഗം ചേർന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്‌.

അതേസമയം, നവകേരള സദസ് നടക്കുന്ന ഒരു മാസത്തിനിടയിലുള്ള ബുധനാഴ്ചകളിൽ അഞ്ച് മന്ത്രിസഭാ യോഗങ്ങൾ ഇത്തരത്തിൽ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് താനൂർ ബോട്ടപകടത്തിന്‍റെ അടിയന്തര സാഹചര്യത്തിൽ മന്ത്രി വി അബ്‌ദുറഹിമാന്‍റെ ഔദ്യോഗിക വസതിയിൽ മാത്രമാണ് യോഗം ചേർന്നിട്ടുള്ളത്. ഇനി മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശ്ശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് നവകേരള സദസിനിടയിൽ മന്ത്രിസഭാ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top