തൃശൂരിലെ ഡ്രഡ്ജർ ഒഴുക്കിനെ അതിജീവിക്കുമോ? അർജുന്‍റെ രക്ഷാദൗത്യം തുടരാന്‍ വെല്ലുവിളികളേലേറെ
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുനരാരംഭിക്കുന്നതിന് വെല്ലുവിളികളേലേറെ. പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്നും ഡ്രഡ്ജർ എത്തിച്ചാലും രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നാണ് വിലയിരുത്തലുകൾ.
ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിച്ച് രക്ഷാപ്രവർത്തനം തുടരുന്നതിതിന് മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കുമാണ് പ്രധാന വെല്ലുവിളി. അടുത്ത 21 ദിവസം ഗംഗാവലിയിൽ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ.
പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കഴിയുന്ന കാർഷിക സർവ്വകലാശാലയിലെ ഡ്രഡ്ജർ പുഴയിൽ സ്ഥാപിച്ച് താല്കാലികമായി അവസാനിപ്പിച്ച രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് ശ്രമങ്ങൾ. ഇതിൻ്റെ പ്രായോഗികത കേരളത്തിൽ നിന്നും എത്തിയ മെഷീന്‍ ഓപ്പറേറ്റർമാർ പരിശോധിച്ച ശേഷമായിരിക്കും യന്ത്രം ഷിരൂരിൽ എത്തിക്കുക.
ഹിറ്റാച്ചി ബോട്ടുമായി യോജിപ്പിച്ച് നിർമ്മിച്ചതാണ് തൃശൂരിലുള്ള അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ. കൃഷി വകുപ്പ് വാങ്ങിയ മെഷീൻ ഇപ്പോൾ കാർഷിക സർവ്വകലാശാലയുടെ കൈവശമാണുള്ളത്. പുഴയിലെ ഒഴുക്കിൻ്റെ നാല് നോട്ട്സിൽ കൂടിയാൽ മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ഉറപ്പിക്കാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേക. അതിനാൽ ആഴം കൂടിയ ഇടങ്ങളിൽ ഉപയോഗിക്കാൻ പ്രശ്നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് ആറു മീറ്റർ ആഴത്തിൽ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവർത്തിക്കാനും യന്ത്രത്തിന് സാധിക്കും.
കോഴിക്കോട് പേരാമ്പ്ര മലയിൽ ഇൻഡസ്ട്രീസ് നിർമിച്ച രണ്ടു ഡ്രഡ്ജറുകളിൽ ഒന്നാണ് കാര്‍ഷിക സര്‍വ്വകലാശാലയിലുള്ളത്. കാർഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാൻ വേണ്ടിയാണ് കൃഷി വകുപ്പ് യന്ത്രം വാങ്ങിയത്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയ പാത അടച്ചിരിക്കുന്നതിനാൽ തൃശൂരിൽ നിന്നുള്ള ഓപ്പറേറ്റർമാർ പ്രായോഗിയോഗിക പരിശോധനയ്ക്ക് എത്തുന്നത് വൈകും എന്നാണ് റിപ്പോർട്ടുകൾ. ഇത് റോഡ് മാർഗം ഡ്രഡ്ജർ എത്തിക്കുന്നതിനെയും ബാധിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here