സ്വന്തം പാർട്ടിക്കാർ പണിപറ്റിച്ചു; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
സ്വന്തം പാർട്ടിയിൽ നിന്നും പിന്തുണ നഷ്ടമായതിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് പ്രഖ്യാപനം. ഒൻപത് വർഷമായി കാനഡയുടെ പ്രധാനമന്ത്രിയായി തുടരുകയാണ് ട്രൂഡോ. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടതോടെയാണ് തീരുമാനം.
സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും വിമത ശബ്ദങ്ങൾ ഉയർന്നതിനെ തുടർന്ന് മറ്റ് വഴികളൊന്നുമില്ലാതെയാണ് ട്രൂഡോ പ്രധാനമന്ത്രി പദവി ഒഴിഞ്ഞത്. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ അദ്ദേഹം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലിബറൽ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബക് ഘടകങ്ങളും സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.
മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരിൽ ഒരാൾ പകരക്കാരനായി എത്താനാണ് സാധ്യത. ഈ വർഷം ഒക്ടോബർ20ന് മന്ത്രിസഭയുടെ കാലാവധി അവസാനിക്കും. കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ പ്രഖ്യാപനം ജനങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here