കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; പുറത്താക്കപ്പെടല്‍ ഭീഷണി തുടരുന്നു

കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയ കാനഡ സര്‍ക്കാരിന്റെ നടപടിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാവുന്നു. ഈ വര്‍ഷാവസാനം വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ 70,000 ത്തോളം വിദ്യാര്‍ത്ഥികളാണ് പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ വലിയ വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. രണ്ട് വര്‍ഷം മുന്‍പുള്ള കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ട്.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുംവിധം കുടിയേറ്റ നയങ്ങളില്‍ കാനഡ മാറ്റം വരുത്തിയത്. ഖാലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാര്‍ 2023 ജൂണിൽ യു.എസ്-കാനഡ അതിർത്തിയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണു. ഇത് തുടരുന്നതിനിടെ തന്നെയാണ് കുടിയേറ്റ നയങ്ങളിലും കാനഡ മാറ്റം വരുത്തിയത്.
ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലെല്ലാം വിദ്യര്‍ത്ഥി പ്രതിഷേധം ശക്തമാണ്. സ്ഥിരതാമസ അപേക്ഷകളിൽ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്താനുമാണ് പുതിയ നയമാറ്റത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാനഡയില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡ ജനസംഖ്യാ വളർച്ച അതിവേഗം വർധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെ ജനസംഖ്യാ വർധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമാണ്. ഇത് മുന്നില്‍ക്കണ്ടാണ് പുതിയ നയംമാറ്റം.
പഠനം കഴിഞ്ഞ് ജോലി നേടിയാല്‍ സ്ഥിരതാമസം ലഭിക്കാന്‍ സാധ്യത ഏറെയായതിനാലാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ഇഷ്ടരാജ്യമായി കാനഡ മാറുന്നത്. മെച്ചപ്പെട്ട ജീവിതവും ജീവിത സാഹചര്യങ്ങളുമാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. ഭവന-തൊഴില്‍ പ്രതിസന്ധി കാരണമാണ് താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ കാനഡയില്‍ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് സര്‍വേകളില്‍ ജസ്റ്റിൻ ട്രൂഡോ വളരെ പിന്നിലാണ്. അതുകൊണ്ട് തന്നെ ജനപ്രിയ നയങ്ങളാണ് ട്രൂഡോയുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ മാത്രമല്ല വിദേശ തൊഴിലാളികളുടെ എണ്ണവും കാനഡ കുറയ്ക്കുകയാണ്. പുതിയ മാറ്റങ്ങൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തിലോ അതിനു മുകളിലോ ഉള്ള പ്രദേശങ്ങളിൽ വർക്ക് പെർമിറ്റുകൾ നല്‍കില്ലെന്നാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here