ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകള്‍ നിരസിച്ച് കാനഡ; കാരണം അവ്യക്തം
ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ചേക്കേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. എന്നാല്‍ കാനഡയിലേക്കുള്ള വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാനഡയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജര്‍ണലിസം ഫൗണ്ടഷന്‍ നടത്തിയ പഠനത്തില്‍, ഇന്ത്യയില്‍ നിന്നുള്ള 40 ശതമാനം വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ‘അവ്യക്തമായ’ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസ നിരസിക്കുന്നത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
സാധാരണ തോതില്‍ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആര്‍സിസി) വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷ നിരസിക്കുമ്പോള്‍, അപേക്ഷകൻ കാനഡ വിടില്ലെന്ന സംശയം അല്ലെങ്കില്‍ അവരുടെ പശ്ചാത്തലവുമായി പൊരുത്തപ്പെടാത്ത അപേക്ഷ തുടങ്ങിയ വ്യക്തമായ കാരണം നൽകാറുണ്ട്. എന്നാല്‍ കാനഡയിലേക്ക് ഏറ്റവും കൂടുതൽ സ്റ്റുഡന്റ് വിസ അപേക്ഷകരുള്ള രാജ്യമായ ഇന്ത്യ, അകാരണമായി, വ്യക്തതയില്ലാതെ വിസ നിരസിച്ച ഗണത്തില്‍ മുന്‍
പന്തിയില്‍ നില്‍ക്കുന്നതായി പഠനം പറയുന്നു.
ഒരേ സമയം നൂറുകണക്കിന് ആപ്ലിക്കേഷനുകൾ പ്രോസസ്സ് ചെയ്യുന്ന ഓട്ടോമേറ്റഡ് സംവിധാനങ്ങൾ കൂടുതൽ ഉപയോഗിച്ച് ഏറ്റവും മികച്ച ആളുകളെ കഴിയുന്നത്ര വേഗത്തില്‍ കാനഡയിലേക്ക് ആകര്‍ഷിക്കാന്‍ ഫെഡറൽ ഗവൺമെന്റ് മത്സരിക്കുന്നതാണ് നിരാകരണത്തിന്‍റെ കാരണമായി പഠനം പറയുന്നത്. ഇന്ത്യ- കാനഡ തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണതും വിസ നിരസനത്തിന്‍റെ സാധ്യതയായി തള്ളിക്കളയാനാകില്ല.
2011-ൽ, 34 ശതമാനം ഇന്ത്യൻ അപേക്ഷകർ വ്യക്തമല്ലാത്ത കാരണങ്ങളാൽ നിരസിക്കപ്പെട്ടു. എന്നാല്‍ 2021-ൽ, ഇതേ കാരണത്താല്‍ നിരസിക്കപ്പെട്ടവരുടെ എണ്ണം 40 ശതമാനമായി ഉയർന്നു. അതേസമയം, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി വിസ അപേക്ഷകള്‍ അയക്കുന്ന രണ്ടാം രാജ്യമായ ചൈനയില്‍ വെറും 4 ശതമാനം തിരസ്ക്കരണങ്ങള്‍ മാത്രമേ ‘അകാരണമായ’ പേരില്‍ ഉണ്ടായിട്ടുള്ളൂ.
2011 ശേഷമുള്ള വിദ്യാര്‍ത്ഥി അപേക്ഷകരുടെ എണ്ണത്തിലുണ്ടായ നാല് മടങ്ങ് വര്‍ധനവ് നേരിടാന്‍ 2019ല്‍ ഐആര്‍സിസി പുതിയ സോഫ്‌റ്റ്‌വെയറായ ചിനൂക്കിലേക്ക് തിരിഞ്ഞു. ഇതുവഴി ഒരേസമയം നൂറ് കണക്കിന് ആപ്ലിക്കേഷനുകളാണ് ഓഫീസര്‍മാരില്‍ എത്തുന്നത്. എന്നാല്‍ ചിനൂക്ക് വന്നശേഷമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസ ഏറ്റവും കൂടുതല്‍ നിരാകരണ പട്ടികയില്‍ ഉള്‍പ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here