ഇന്ത്യയ്‌ക്കെതിരെ സഖ്യ കക്ഷികളെ കൂട്ടു പിടിക്കാൻ കാനഡ ശ്രമിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ സഖ്യ കക്ഷികളെ കൂട്ടു പിടിക്കാൻ കാനഡ ശ്രമിച്ചതായി റിപ്പോർട്ട്. കാനഡ ഉൾപ്പെട്ട 5 EYES എന്ന രഹസ്യാന്വേഷണം സഖ്യത്തിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുമായി ചേർന്ന് ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ സംയുക്തമായി അപലപിക്കാനും പ്രസ്താവന ഇറക്കാനുമാണ് ശ്രമം നടത്തിയത്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് കോട്ടം തട്ടുമെന്നതിനാൽ മറ്റ് രാജ്യങ്ങൾ ഇതിന് തയ്യാറായില്ലെന്നാണ് വിവരം. രാജ്യാന്തര ചട്ടങ്ങൾ ലംഘിക്കുന്നതാണ് കൊലപാതകമെന്ന് നേരത്തെ കാനഡ പ്രതികരിച്ചിരുന്നു.
എന്നാൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമേരിക്ക പറഞ്ഞിരുന്നു. വിഷയത്തിൽ ആശങ്കയുണ്ടെന്ന് ഓസ്‌ട്രേലിയയും അറിയിച്ചു. അതേസമയം ഇന്ത്യ- ബ്രിട്ടൻ സ്വതന്ത്ര കരാറിനെ ഈ പ്രശ്നം ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി ഋഷി സുനകിന്റെ വക്താവ് വ്യക്തമാക്കി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ വിദേശ സർക്കാരിന്റെ ഏത് ഇടപെടലും രാജ്യത്തിന്റെ പരമാധികാര ലംഘനമാണെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിക്കെത്തിയപ്പോൾ വിഷയം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here