ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത; പൗരൻമാർക്ക് കാനഡയുടെ പുതിയ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർക്ക് പുതിയ ജാഗ്രതാ നിർദേശം. ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം.
ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് കാനഡയ്ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിർദേശത്തിൽ പറയുന്നു. കാനഡയ്ക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡയ്ക്കെതിരെ പ്രകടനങ്ങൾ നടക്കാനും കാനഡക്കാർക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഡൽഹിയിലും മറ്റും താമസിക്കുന്നവർ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുത്. മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവെച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്ന കാനഡക്കാർ ആവശ്യമെങ്കിൽ ഡൽഹിയിലെ ഹൈ കമ്മീഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
അതേ സമയം, ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്കാണ് കാനഡ കടക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടാണ് മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തിവെച്ചത്. ഇതിന് പുറമെ ഇന്ത്യയിൽ നിന്നും 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. 21 പേർ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതോടെയാണ് നടപടി. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങളിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.കാനഡയ്ക്ക് ആകെ 62 നയതന്ത്ര പ്രതിനിധികളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്.
നയതന്ത്ര പരിരക്ഷ പിൻവലിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം. ഇതിനെ തുടർന്നാണ് നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചത്. ഇന്ത്യയുടെ നിലപാടിന് കാനഡ തിരിച്ചടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയുമായി ഇടപഴകുന്നത് തുടരുമെന്നും മെലാനി ജോളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും മെലാനി ചൂണ്ടിക്കാട്ടി.
ചണ്ഡീഗഡ്, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽകാലികമായി നിർത്തി വെക്കേണ്ടിവരും. കോൺസുലേറ്റിന്റെ സഹായം ആവശ്യമുള്ള കനേഡിയൻ പൗരന്മാർക്ക് ഡൽഹിയിലെ ഹൈക്കമീഷനുമായി നേരിട്ടോ ഫോൺ, ഇമെയിൽ വഴിയോ ബന്ധപ്പെടാമെന്നും കാനഡ വിദേശകാര്യ മന്ത്രി അറിയിച്ചു. അതേ സമയം, കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഡൽഹിയിൽ മടങ്ങിയെത്തിയിട്ടുണ്ട്.
ഈ വർഷം ജൂണിൽ മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. 1997 ൽ കാനഡയിലേക്ക് കുടിയേറിയ ഹര്‍ദീപിന് 2015 ൽ കനേഡിയൻ പൗരത്വം ലഭിച്ചിരുന്നു. ഹര്‍ദീപ് സിംഗ് കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here