ക്യാൻസർ രോഗിയായ അമ്മക്ക് ചികിത്സ നിഷേധിച്ച ഡോക്ടറെ കുത്തി യുവാവ്; സർക്കാർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഗുരുതരാവസ്ഥയിൽ

അർബുദരോഗിയായ അമ്മക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടറെ കുത്തിപ്പരുക്കേൽപിച്ച് യുവാവ്. ചെന്നൈയിലെ സർക്കാർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ബാലാജിക്കാണ് കുത്തേറ്റത്. ഡ്യൂട്ടിക്കിടയിലാണ് ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ ഡോക്ടറെ 26കാരൻ ആക്രമിച്ചത്.
ഡോക്ടറെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെച്ചപ്പെട്ടതായും ഐസിയുവിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് പരുക്കേറ്റ ഡോ. ബലാജി. വിഘ്നേഷ് എന്ന യുവാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് ശേഷം യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിച്ചും ആശുപത്രി ജീവനക്കാരും മറ്റ് രോഗികളും പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഡോക്ടർക്ക് ഏഴ് കുത്തുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവ ശേഷം ആശുപത്രിയിലെ ഡോക്ടർമാർ പ്രതിഷേധം ആരംഭിക്കുകയും പണിമുടക്കുകയും ചെയ്തിരുന്നു. അധികൃതരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് അവർ ജോലി പുനരാരംഭിച്ചത്.
Also Read: കാമുകിയുടെ അച്ഛന് നേരെ യുവാവ് വെടിവച്ചു; മകളെ അമേരിക്കയ്ക്ക് അയച്ചതിന് പ്രതികാരം
ഡോക്ടറുമായി ഉണ്ടായ തർക്കത്തിനിടയിൽ തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയുപയോഗിച്ച്ചാണ് ഡോക്ടറെ വിഘ്നേഷ് കുത്തിയതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങൾക്ക് ഉറപ്പു നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here