റോബോട്ടിക് സര്‍ജറി ആര്‍.സി.സിയിലും; വന്‍കിട ആശുപത്രികളില്‍ മാത്രമുള്ള സംവിധാനം സര്‍ക്കാര്‍ മേഖലയിലും; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റം

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന കാന്‍സര്‍ റോബോട്ടിക് സര്‍ജറി സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലും. റോബോട്ടിക് സര്‍ജറി യൂണിറ്റ് ആര്‍.സി.സിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആര്‍.സി.സി നടത്തുന്നത്. 60 കോടി രൂപ മുടക്കിയാണ് യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെയാണ് തുകയനുവദിച്ചത്.
പ്രത്യേക തരം മിനിമല്‍ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുക. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍. നിർമ്മാണം പൂർത്തിയായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപർതെര്‍മിക് ഇന്‍ട്രാപെരിറ്റോണിയല്‍ കീമോതെറാപ്പി (ഹൈപെക്) സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്നതാണ് ഹൈപെക് ചികിത്സാ സംവിധാനം. ക്ലിനിക്കല്‍ ലാബിലെ പരിശോധനകള്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ആക്കുകയും അത് തത്സമയം നിരീക്ഷിക്കുകയും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here