സ്ഥാനാര്‍ത്ഥിയുടെ എല്ലാ ജംഗമ വസ്തുക്കളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി; അവര്‍ക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്

ഡല്‍ഹി: സ്ഥാനാര്‍ത്ഥിയുടെ മുഴുവന്‍ ജംഗമ വസ്തുക്കളും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥിയുടെ മുഴുവൻ‌ സ്വത്തിനെക്കുറിച്ചും വോട്ടർ അറിയേണ്ട കാര്യമില്ല. സ്ഥാനാര്‍ത്ഥിക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അരുണാചലിലെ സ്വതന്ത്ര എംഎൽഎ കരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീംകോ‌ടതിയുടെ ഉത്തരവ്.

2019ല്‍ അരുണാചലിലെ തെസു നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എയാണ് കരിഖോ. എന്നാല്‍ കരിഖോ തന്‍റെ സ്വത്ത് വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തിയില്ലെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തെസുവിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നുനെയ് തയാങ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കരിഖോയുടെ ഭാര്യയുടെയും മകന്‍റെയും പേരിലുള്ള മൂന്ന് കാറുകള്‍ സത്യവാങ്മൂലത്തില്‍ കാണിച്ചില്ലെന്നായിരുന്നു പരാതി.

ജനപ്രാതിനിധ്യ നിയമപ്രകാരമല്ല കരിഖോ നാമനിര്‍ദേശം സമര്‍പ്പിച്ചതെന്ന് ഹൈക്കോടതി കണ്ടെത്തുകയും നാമനിര്‍ദേശ പത്രിക തള്ളേണ്ടതായിരുന്നെന്ന് അറിയിക്കുകയും ചെയ്തു. വരണാധികാരിയുടെ ഭാഗത്തുനിന്ന് തെറ്റ് പറ്റിയെന്ന് വിലയിരുത്തിയ ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി.

എന്നാല്‍ ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ത്ഥിയുടെ സ്വകാര്യ ജീവതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഴത്തില്‍ അറിയുക എന്നത് വോട്ടര്‍മാരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഓരോ കേസിലും ഒരു സാഹചര്യമായിരിക്കുമെന്നും കോടതി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top