യുഡിഎഫിനോട് വിലപേശി അൻവർ; തീരുമാനം വൈകിയാൽ ഈ കപ്പൽ വിട്ടുപോകുമെന്ന് മുന്നറിയിപ്പ്

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച് പിവി അൻവർ. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർഥി എൻകെ സുധീറിനെ പിന്തുണയ്ക്കണമെന്ന ഉപാധി ചർച്ചയിൽ മുന്നോട്ടുവെച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേതാക്കൾ നേരിട്ടും അല്ലാതേയും ഇപ്പോഴും ചർച്ച നടത്തുന്നുണ്ടെന്നും അൻവർ പറഞ്ഞു.

പിണറായിസത്തിനെതിരെയുള്ള ജനവികാരം ഒരുമിച്ച് വോട്ടാക്കാനാണ് ഡിഎംകെയുടെ ‘ ശ്രമം. പിണറായിസത്തിനതിരേയുള്ള വോട്ടുകൾ സമാഹരിക്കണമെന്നാണ് യുഡിഎഫിനോട് പറഞ്ഞിട്ടുള്ളത്. അതിനുള്ള ചർച്ചകൾ യുഡിഎഫിനുള്ളിലും പുരോഗമിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ വിട്ടുപോകും. ഇവിടേയും പിണറായിക്ക് ജയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കിൽ തിരഞ്ഞെടുപ്പ് ഗോദയിൽ കാണാമെന്നും പിവി അൻവർ മുന്നറിയിപ്പ് നൽകി.

രമ്യ ഹരിദാസ് ഇതുവരെ നാമനിർദേശ പത്രിക നൽകിയിട്ടില്ല, നാമനിർദേശ പത്രിക നൽകി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് തന്നെ തള്ളിയ ഒരു സ്ഥാനാർഥിയാണ് രമ്യ ഹരിദാസ്. കോൺഗ്രസുകാരോട് ചോദിച്ചാൽ അത് മനസിലാവുമെന്നും അൻവർ കൂട്ടിച്ചേർത്തു.


പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ അന്‍വറിന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കൾ അന്‍വറുമായി ബന്ധപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ.

അന്‍വറിന്റെ പിന്തുണയോടെ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീറാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ ആണ് പാലക്കാട് ഡിഎംകെ പിന്തുണയുള്ള സ്ഥാനാര്‍ഥി. വയനാട് ലോക്സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധിക്ക് നേരേത്തേ പിവി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top