ഫോൺ ചോർത്തിയില്ലെന്ന് പോലീസും സമ്മതിച്ചു!! പി വി അൻവറിൻ്റെ വെറും തള്ളിൽ തുടങ്ങിയ കേസുകൾ ആവിയാകുന്നു

സർക്കാരിൻ്റെ കോടാലികൈയ്യായി എതിരാളികളെയെല്ലാം വെട്ടിയൊതുക്കാൻ നിന്ന പി വി അൻവർ നേരെ തിരിഞ്ഞപ്പോൾ കിട്ടാവുന്ന ആയുധമെല്ലാം എടുത്ത് പൂട്ടിടാൻ സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങിയപ്പോൾ ഉണ്ടായ കേസുകളിൽ പ്രധാനപ്പെട്ടതാണ് ഫോൺ ചോർത്തലിൻ്റെ പേരിലെടുത്തത്. എല്ലാവരെയും വീഴ്ത്താനുള്ള വക തൻ്റെ പക്കലുണ്ടെന്ന തള്ളിൻ്റെയൊപ്പം അൻവർ വാവിട്ട് പറഞ്ഞുപോയതാണ് ഫോൺ ചോർത്തൽ കഥ. മലപ്പുറം എസ്പിയായിരുന്ന സുജിജ് ദാസ് എന്ന ഐപിഎസുകാരൻ്റെ ഫോൺ സംസാരം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട് പണിവാങ്ങി കൊടുത്തതിൻ്റെ കലിപ്പിലായിരുന്ന പോലീസ് സേനയും ഒത്തുപ്രവർത്തിച്ചപ്പോൾ രാജ്യസുരക്ഷയെ പോലും അപകടപെടുത്തി എന്ന മട്ടിലാണ് പി വി അൻവറിനെതിരെ കേസുകൾ ഉണ്ടായത്.

തമ്മിൽ സംസാരിക്കുന്നത് റെക്കോർഡ് ചെയ്തെടുക്കാം എന്നല്ലാതെ, പോലീസിൽ പ്രത്യേക അനുമതിയുള്ളവർക്കും മൊബൈൽ സർവീസ് പ്രൊവൈഡർക്കും അല്ലാതെ ഒരു സാധാരണക്കാരനും അങ്ങനെയിങ്ങനെയൊന്നും ആരുടെയും ഫോൺ ചോർത്താൻ കഴിയില്ലെന്ന് നല്ല വ്യക്തമായി അറിയുന്ന പോലീസിലെ തന്നെ ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ അൻവറിനെതിരെ രണ്ടാം കേസുണ്ടായത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലെടുത്ത ഈ കേസിൽ പക്ഷെ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്ന് മലപ്പുറം ഡിവൈഎസ്പി റിപ്പോർട്ട് ചെയ്തുവെന്നാണ് പോലീസ് ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്.

ഇതോടെ ഈ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. പി വി അൻവറിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെ ക്രിമിനൽ പരിപാടികൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയത് എന്നായിരുന്നു അൻവർ നേരത്തെ അവകാശപ്പെട്ടത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നത് രാജ്യസുരക്ഷക്ക് വരെ ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു കേസും പിന്നീട് ഹൈക്കോടതിയിൽ ഹർജിയും വന്നത്.

മന്ത്രിമാരുടെ ഫോണ്‍ ചോർത്തുന്നതായി പി വി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത് കുമാറിനുമെതിരെ ആരോപണം കടുപ്പിച്ച് കൊണ്ടാണ് ഈ ആരോപണം ഉന്നയിച്ചത്. മന്ത്രിമാരുടെ ഉള്‍പ്പടെ ഫോണ്‍ എഡിജിപി ചോർത്തിയെന്ന ആരോപണം ഒന്നിലധികം തവണ അൻവർ ഉന്നയിച്ചു. മാവോയിസ്റ്റ് നിരീക്ഷണത്തിന്‍റെ മറവിൽ ഫോണ്‍ ചോർത്തി എന്നായിരുന്നു ആരോപണം. ഇതിനൊപ്പമാണ് ഇത്തരം നിയമവിരുദ്ധ പരിപാടികളെല്ലാം പുറത്തു കൊണ്ടുവരാനായി താൻ പലരുടെയും ഫോൺ ചോർത്തിയെന്നും അവകാശവാദം ഉന്നയിച്ചത്. ഇതാണ് കുരിശായത്. അതേസമയം ഇത്തരം തട്ടിപ്പുകേസുമായൊന്നും ഏറെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പോലീസും ഇപ്പോൾ മലക്കം മറിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top