സിനിമാ ഷൂട്ടിങ്ങിനിടെ കാറപകടം അർജുൻ അശോകനടക്കം രണ്ടുപേർക്ക് പരുക്ക് അമിതവേഗത്തിന് കേസെടുത്ത് കൊച്ചി പോലീസ്
കൊച്ചിയിൽ അർധരാത്രി സിനിമാ ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞ് അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർക്ക് പരുക്കേറ്റു. എംജി റോഡിൽ അമിതവേഗത്തിൽ ഓടിച്ച കാർ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചു. ആകെ അഞ്ചുപേർക്ക് പരുക്കേറ്റതോടെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്ഥലത്തെത്തിയ പോലീസ് ഷൂട്ടിങ് നിർത്തിവയ്പിച്ചു.
അമിതവേഗതയിലെത്തിയ കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയുമായിരുന്നു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഫുഡ‍് ഡെലിവറി ജോലിക്കാരൻ്റെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.
ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അരുൺ ജോസിൻ്റെ പുതിയ ചിത്രമാണ് ബ്രൊമാൻസ്. ആഷിക് ഉസ്മാൻ നിർമക്കുന്ന ചിത്രത്തിൽ മഹിമാ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here