പ്ലസ് ടു ജയിച്ചതില്‍ പാര്‍ട്ടി; മദ്യലഹരിയില്‍ പതിനേഴുകാരന്‍ കാര്‍ ഓടിച്ചത് 240 കി.മീറ്റര്‍ വേഗത്തില്‍; ജീവന്‍ നഷ്ടമായത് രണ്ട് യുവ എഞ്ചിനീയര്‍മാര്‍ക്ക്

മുംബൈ: പുണെയില്‍ കല്യാണി നഗറിലെ തിരക്കേറിയ റോഡിലൂടെ പതിനേഴുകാരന്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചത് 240 കിലോമീറ്റര്‍ വേഗത്തില്‍. കാര്‍ ഇടിച്ച് ജീവന്‍ നഷ്ടമായത് രണ്ട് യുവ ഐടി എഞ്ചിനീയര്‍മാര്‍ക്കും. മധ്യപ്രദേശ് സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രതിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മുംബൈയില്‍ ശക്തമാവുകയാണ്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചതാണ് രോഷം ഉയരാനിടയാക്കിയത്. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക തുടങ്ങിയ ലളിത ഉപാധികള്‍ വെച്ചാണ് റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. പ്ലസ് ടു പാസായതിന്റെ ആഘോഷമാണ് പതിനേഴുകാരനും സുഹൃത്തുക്കളും നടത്തിയത്.
ജനരോഷം ശക്തമായതിന് പിന്നാലെ കേസ് പുണെ ക്രൈംബ്രാഞ്ചിന് കൈമാറി. പതിനേഴുകാരന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പിതാവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനുപുറമേ, മദ്യം നല്‍കിയ ബാര്‍, പബ്ബുടമകളെയും പോലീസ് പിടികൂടി.
ശനിയാഴ്ച അര്‍ധരാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ ആഡംബര കാര്‍ ഇരുവരെയും ഇടിച്ചിട്ടത്. അപകടത്തില്‍ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. ചോരയൊലിച്ച് രണ്ടു പേരും റോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രണ്ടുപേരാണ് അപകടത്തില്‍ മരിച്ചതെന്നും പ്രതിക്കെതിരേ ശക്തമായ നടപടി വേണമെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എഞ്ചിനീയര്‍മാരുടെ ബന്ധുക്കളുടെ ആവശ്യം. ലൈസന്‍സ് ഇല്ലാതെ മദ്യലഹരിയിലാണ് 17-കാരന്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതെന്നും ഇത് കൊലപാതകമാണെന്നും ഇവര്‍ ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here