നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാടിൻ്റെ സ്ഥാനാരോഹണം ഇന്ന് വൈകിട്ട് വത്തിക്കാനിൽ; നേരിട്ട് ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വൈദികൻ
ചങ്ങനാശ്ശേരി അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് ഉൾപ്പടെ 21 കർദ്ദിനാൾമാരുടെ സ്ഥാനാരോഹണം ഇന്ന് രാത്രി 8 മണിക്ക് വത്തിക്കാനിൽ നടക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു കത്തോലിക്ക വൈദികനെ മാർപ്പാപ്പ നേരിട്ട് കർദ്ദിനാൾ പദവിയിലേക്ക് നിയമിക്കുന്നതെന്ന പ്രത്യേകതയും മാർ കൂവക്കാടിൻ്റെ സ്ഥാനലബ്ധിക്കുണ്ട്. ഇന്ത്യൻ സമയം രാത്രി എട്ടുമണിക്കാണ് സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ നേതൃത്വത്തിൽ ഏഴംഗ സംഘവും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് നിരവധി വൈദികരും, കന്യാസ്ത്രീകളും മെത്രാന്മാരും ആത്മായരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്ന് അഞ്ച് കർദ്ദിനാൾമാരാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. മലയാളികളായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് മാർ ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരും കർദ്ദിനാൾ പദവി വഹിക്കുന്നവരാണ്.
പുതുതായി 21 പേർ കൂടി മാർപ്പാപ്പയുടെ കർദ്ദിനാൾ സംഘത്തിൽ ചേരുന്നതോടെ 90 രാജ്യങ്ങളിൽ നിന്നായി 253 പേരടങ്ങിയ പ്രതിനിധികളുടെ സംഘമാകും. ലോകം മുഴുവനുള്ള 150 കോടി കത്തോലിക്കാ വിശ്വാസികളുടെ തലവനായ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ അർഹതയുള്ള സംഘത്തിലേക്കാണ് മാർ കൂവക്കാട് കൂടി നിയമിതനാകുന്നത്. കർദ്ദിനാൾ സംഘത്തിൻ്റെ ആകെ എണ്ണം 253 ആണെങ്കിലും 80 വയസിൽ താഴെയുള്ള 140 കർദ്ദിനാൾമാർക്കാണ് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുള്ളത്.
2021 മുതല്‍ ഫ്രാന്‍സിസ് മാർപാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യ സംഘാടകനാണ് ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്. അള്‍ജീരിയ, കൊറിയ, ഇറാന്‍, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പ്രതിനിധി കേന്ദ്രങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. 2004 ജൂലൈ 24നാണ് വൈദികപട്ടം നേടിയത്. വൈദിക സ്ഥാനത്ത് നിന്ന് മാർപ്പാപ്പ നേരിട്ടാണ് ജോർജ് കൂവക്കാടിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയതെന്ന അപൂർവത ചരിത്രത്തിൻ്റെ ഭാഗമായി നിലനിൽക്കും. വത്തിക്കാനിൽ നിന്നുള്ള ഈ ഉത്തരവ് വന്ന ശേഷം ഇക്കഴിഞ്ഞ നവമ്പർ 25നാണ് അദ്ദേഹത്തെ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here