കൊറിയർ നഷ്ടപ്പെട്ടാൽ വെറും 100 രൂപ നഷ്ടപരിഹാരം !! വേറൊന്നും ചെയ്യാനില്ലെന്ന് DTDC; 35,000 പിഴയടിച്ച് ഉപഭോക്തൃ കോടതി

അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും എഴുതിവച്ചാൽ നിലനിൽക്കില്ലെന്ന് ഉപഭോക്തൃ തർക്കപരിഹാര കോടതി. പ്രമുഖ കൊറിയർ കമ്പനിയായ ഡിടിഡിസിക്കാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഈ മുന്നറിയിപ്പ്. ആർക്കും വായിക്കാൻ കഴിയാത്ത വലിപ്പത്തിൽ അച്ചടിച്ചിട്ടുള്ള നിബന്ധനകൾ ഉപഭോക്താവിന്റെ അറിയാനുള്ള അവകാശത്തെ നിഷേധിക്കലാണ്. പരാതിക്കാരൻ ഹാജരാക്കിയ ബില്ലിലെ ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ വായിക്കാൻ കഴിയുമോയെന്ന് ഡിബി ബിനു അധ്യക്ഷനായ ബഞ്ച് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ആരാഞ്ഞു. ഒടുവിൽ ലെൻസ് ഉപയോഗിച്ച് വായിച്ചാണ് കോടതി തീരുമാനത്തിൽ എത്തിയത്.

ഡിടിഡിസി വഴി അയച്ച സർട്ടിഫിക്കറ്റ് ഉൾപ്പെടുന്ന സുപ്രധാന രേഖകൾ പരാതിക്കാരൻ ആവശ്യപ്പെട്ട അഡ്രസിൽ എത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് കമ്പനിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. തപാൽ ഉരുപ്പടി നഷ്ടപ്പെട്ടാൽ 100 രൂപ വരെ മാത്രമേ നഷ്ടപരിഹാരം നൽകാൻ കൊറിയർ കമ്പനിക്ക് ബാധ്യതയുള്ളു എന്ന് ഡിടിഡിസി കോടതി മുമ്പാകെ ബോധിപ്പിച്ചു. ഇതാണ് വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തിൽ അച്ചടിച്ചിട്ടുള്ളത്. ഇത് വീഴ്ചയാണെന്നും അതിനാൽ അത്തരം വ്യവസ്ഥകൾ ഉപഭോക്താവിന് ബാധകമാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

എറണാകുളം കലൂർ സ്വദേശി അനിൽകുമാർ ടി.എസ്.മേനോൻ ഡിടിഡിസി കൊറിയർ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ സുപ്രധാന ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകണം. കൂടാതെ ഉപഭോക്താക്കൾക്ക് വായിക്കാൻ കഴിയുന്ന വലുപ്പത്തിൽ വ്യക്തമായി നിബന്ധനകൾ അച്ചടിക്കാനും കൊറിയർ കമ്പനിക്ക്‌ കോടതി നിർദ്ദേശം നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top