വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചതടക്കം ചുമത്തി കേസെടുത്തു; കടയ്ക്കലിലെ സൈനികൻ നടത്തിയത് 5 മാസത്തെ തയ്യാറെടുപ്പ്
കൊല്ലം: കടയ്ക്കലില്‍ ദേഹത്ത് ചാപ്പകുത്തിയെന്ന വ്യാജപരാതി നൽകിയ സൈനികനെയും സുഹൃത്തിനെയും വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു, വ്യാജതെളിവുകളും മൊഴികളും നല്‍കി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ്. കടയ്ക്കല്‍ ചാണപ്പാറ സ്വദേശി ഷൈന്‍കുമാറി(35)നെയും ഇയാളുടെ സുഹൃത്ത് ജോഷിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ സൈനികനായ ഷൈൻ കുമാർ ദേശീയശ്രദ്ധ ലഭിക്കാന്‍ വേണ്ടിയെന്ന് വ്യാജ പരാതി നൽകിയതും അതിന് വേണ്ട വ്യാജ തെളിവുകൾ ഉണ്ടാക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കേസ് ദേശിയ തലത്തിൽ ചർച്ചയായിൽ താൻ ആഗ്രഹിക്കുന്ന പോസ്റ്റിംഗ് കിട്ടുമെന്നുമാണ് സൈനികനായ പ്രതി കരുതിയത്. കഴിഞ്ഞ അഞ്ചുമാസമായി ഇതിനായി തയ്യാറെടുത്തുവരികയായിരുന്നു. ഇത്തവണ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് പദ്ധതി നടപ്പിലാക്കിയത് എന്നും പോലീസ് പറഞ്ഞു.
സൈനികനെ അറസ്റ്റ് ചെയ്തവിവരം രാജസ്ഥാനിൽ ഇയാൾ ജോലിചെയ്യുന്ന യൂണിറ്റില്‍ അറിയിക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കം അറിയാനായി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ആറോളം പേർ ചേർന്ന് തന്നെ മർദ്ദിച്ച ശേഷം പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയെന്ന് പറഞ്ഞ് ഷൈൻ കുമാർ നൽകിയ പരാതിയിൽ സംശയം തോന്നിയ കടയ്ക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്.സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഷൈൻ കുമാർ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നെകിലും. തുടർന്ന് സുഹൃത്തായ ജോഷിയെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് പരാതി വ്യാജമെന്ന് തെളിഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here