മന്ത്രി കൃഷ്ണൻകുട്ടിയെ ഫോണിൽ വിളിച്ച് രാഷ്ട്രീയം പറഞ്ഞ സ്വന്തം പാർട്ടി നേതാവിനെതിരെ കേസ്; പോലീസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നോട്ടീസ് നൽകി വിട്ടയച്ചു
തിരുവനന്തപുരം: മന്ത്രിയെ ഫോണിൽ വിളിച്ച സ്വന്തം പാര്‍ട്ടിയുടെ നേതാവിനെതിരെ പോലീസ് കേസ്. കേരളത്തിലാണ് സംഭവം. സംഭാഷണത്തില്‍ ഭീഷണിയോ വെല്ലുവിളിയോ ഒന്നുമുണ്ടായില്ല, രാഷ്ട്രീയം പറഞ്ഞ് തർക്കിച്ചു. അതിനാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി കന്റോൺമെന്റ് പോലീസിൽ പരാതി നൽകി കൊല്ലത്തെ ജെഡിഎസ് നേതാവ് കൊട്ടിയം നൈസാമിനെ അറസ്റ്റ് ചെയ്യിപ്പിച്ചത്.
നൈസാമിന്‍റെ തന്നെ വാക്കുകൾ കേൾക്കാം
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മന്ത്രി കൃഷ്ണന്‍കുട്ടിയെ നൈസാം വിളിക്കുന്നത്. കര്‍ണാടക രാഷ്ട്രീയമാണ് പറഞ്ഞുതുടങ്ങിയത്. സ്വന്തം പാർട്ടിയുടെ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൌഡയുടെ ചെറുമകനും എംപിയുമായ പ്രജ്വല്‍ രേവണ്ണ ലൈംഗീക ആരോപണത്തിൽ കുടുങ്ങി വിദേശത്തേക്ക് കടന്നത് സംസാരിച്ചു. അവരുടെ സഹായത്തോടെ മന്ത്രിയായ താങ്കൾ, അവർക്കൊരു പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കേണ്ടേ എന്ന് ചോദിച്ചത് കൃഷ്ണൻകുട്ടിയെ ചൊടിപ്പിച്ചുവെന്ന് നൈസാം പറയുന്നു. നീയാരെടാ, നിന്നെ പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യിക്കും, എന്നെല്ലാം മന്ത്രി പറഞ്ഞതോടെ ഫോൺ കട്ടുചെയ്തു.
പിന്നീട് മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം ബാലകൃഷ്ണന്‍ വിളിച്ച് നിന്നെ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. അതിനു ശേഷം കൻ്റോൺമെൻ്റ് പോലീസ് വിളിച്ചു. ശനി രാവിലെ സ്റ്റേഷനിൽ ഹാജരാകാന്‍ നിർദേശിച്ചു. കോവളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിൽ എത്തിയിട്ട് പോകാമെന്ന് പോലീസുകാർ പറഞ്ഞു. അതനുസരിച്ച് നൈസാം തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തി. പരിപാടി മുടക്കിയില്ല, പോലീസുകാർ ഒപ്പം പോയി കോവളം പരിപാടിയിൽ പങ്കെടുക്കാൻ അവസരമൊരുക്കി.
പരാതിയുടെ പൊള്ളത്തരം മനസിലാക്കിയ പോലീസുകാർ സൗഹാര്‍ദ്ദത്തോടെയാണ് ഇടപെട്ടതെന്ന് നൈസാം പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എത്തിയിട്ട് പോകാമെന്ന് പറഞ്ഞു. അദ്ദേഹം എത്തുമ്പോൾ ഞായർ പുലർച്ചെ ഒരുമണി. അതുവരെ സ്റ്റേഷനില്‍ ഇരിക്കേണ്ടി വന്നു. മൊഴിയെടുക്കാന്‍ എത്താൻ നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. ബുധനാഴ്ച വീണ്ടും ഹാജരാകേണ്ടി വരും.
ഐപിസി 294(b), 506 എന്നീ വകുപ്പുകളാണ് നൈസാമിനെതിരെ കേസിൽ ചുമത്തിയിട്ടുള്ളത്. മന്ത്രിയെ തെറി അല്ലെങ്കിൽ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി എന്നിങ്ങനെയാണ് കുറ്റാരോപണം. അസഭ്യം വിളിച്ചത് മന്ത്രി വിലക്കിയപ്പോൾ രേവണ്ണയുമൊത്തുള്ള ഫോട്ടോ പബ്ലിഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് എഫ്ഐആർ ഉള്ളടക്കത്തിൽ പറയുന്നത്.
നൈസാം പറഞ്ഞത് ഇങ്ങനെ: “മാത്യു ടി.തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് വേണ്ടി കൃഷ്ണന്‍കുട്ടി ആസൂത്രിതമായി ശ്രമം നടത്തിയിരുന്നു. ഇക്കുറി അതില്‍ വിജയിക്കുമെന്ന് എന്നോട് പറഞ്ഞത് ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലാണ്. അങ്കമാലിയിലുള്ള ഒരു കൂട്ടര്‍ ജെഡിഎസ് ദേശീയ നേതാവായിരുന്ന ഡാനിഷ് അലിക്ക് കാര്‍ നല്‍കിയിട്ടുണ്ട്. ദേവഗൗഡയുടെ മക്കള്‍ക്ക് ആവശ്യമായ ചില കാര്യങ്ങളും ചെയ്തുനൽകിയിട്ടുണ്ട്. അതിനാല്‍ രണ്ടര വര്‍ഷം കഴിയുമ്പോൾ മാത്യു ടി.തോമസിന് മാറേണ്ടിവരും, കൃഷ്ണൻകുട്ടി മന്ത്രിയാകുമെന്ന് തെറ്റയില്‍ പറഞ്ഞിരുന്നു.
“ദേവഗൗഡയുടെ മക്കള്‍ക്ക് പുറത്തുപറയാന്‍ കഴിയാത്ത പല കാര്യങ്ങളും കൃഷ്ണന്‍കുട്ടി ചെയ്തെന്നും അതിനാല്‍ ഇക്കുറി മന്ത്രിസ്ഥാനം ഉറപ്പാണെന്നും ഇപ്പോൾ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള ബാലകൃഷ്ണനും പാലോട് സന്തോഷും പറഞ്ഞിരുന്നു. ഇവരെല്ലാം പറഞ്ഞത് പോലെ തന്നെ കൃഷ്ണന്‍കുട്ടി മന്ത്രിയായി. അതുകൊണ്ടാണ് അതിന് സഹായിച്ച കർണാടകയിലെ ജെഡിഎസ് നേതൃത്വത്തോട് ഉപകാരസ്മരണ വേണ്ടേയെന്ന് ഫോണിൽ വിളിച്ച് ചോദിച്ചത്. ഇപ്പോള്‍ എനിക്ക് എതിരെ പോലീസ് കേസായി.”
“ഞാന്‍ ഒരനാവശ്യവും പറഞ്ഞിട്ടില്ല. ഇല്ലാത്ത കുറ്റത്തിന് എനിക്കെതിരെ കേസെടുത്ത സ്ഥിതിക്ക് ഫൈറ്റിന് തയ്യാറാണ്. നുണപരിശോധനയ്ക്കും തയ്യാറാണ്. എന്റെ ജീവന്‍ പോയാലും ഇനി ഇതില്‍ നിന്നും പിന്നോട്ടില്ല.”- നൈസാം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here