മുദ്രാവാക്യം വിളിക്കെതിരെ കോട്ടയത്ത് കേസ്; ഡല്‍ഹിയിലേത് ഫാസിസം, ഇവിടെയോ…??

ആര്‍. രാഹുല്‍
കോട്ടയം: ‘എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്’ എന്നായിരുന്നു ന്യൂസ് ക്ലിക്ക് വാർത്താ പോർട്ടലിനെതിരെയുള്ള ഡൽഹി പോലീസിൻ്റെ നടപടിയെ മുഖ്യമന്ത്രി വിജയന്‍ വിമർശിച്ചത്. നടപടി പുനപരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിണറായിയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെ ( ഒക്ടോബര്‍ 4) സംസ്ഥാന സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച സര്‍വീസ് സംഘടനാ നേതാക്കൾക്കെതിരെ ഇടത് സര്‍ക്കാര്‍ കേസെടുത്തത്.

ജിഎസ്ടി വകുപ്പിൻ്റെ ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രതിപക്ഷ നേതാവിന്റെ നിയമസഭാ പ്രസംഗം പങ്കുവെച്ചതിനു കോട്ടയത്തെ ജിഎസ്ടി വകുപ്പ് അസിസ്റ്റന്റ് കെ.എസ്. പ്രതീഷ്‌കുമാറിനെ സർവീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. 24 മണിക്കൂറിനകം മറുപടി നൽകണം എന്ന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. തുടർന്നാണ് സസ്പെൻഷനുണ്ടായത്.

സര്‍ക്കാരിൻ്റെ ചട്ടവിരുദ്ധ നടപടി ചോദ്യം ചെയ്തുകൊണ്ട് കോട്ടയം കലക്ടറേറ്റ് വളപ്പില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് കേസ്. എന്‍ജിഒ അസോസിയേഷന്‍ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ഏഴ് വനിതകൾ ഉൾപ്പെടെ കണ്ടാലറിയുന്ന 25 ഓളം പ്രവർത്തകർക്കെതിരെയാണ് കേസ്. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാന്‍, ജില്ലാ പ്രസിഡന്റ് രഞ്ജു മാത്യു, ജില്ലാ സെക്രട്ടറി വി.പി. ജോബിന്‍ തുടങ്ങിയവരും ഇതിൽപെടും. അന്യായമായി സംഘം ചേര്‍ന്നതിനും മുദ്രാവാക്യം വിളിച്ചതിനും ഐപിസി 143,145,148,149 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ഉദ്യോഗസ്ഥരുടെമേല്‍ ചുമത്തിയിട്ടുള്ളത്.
പ്രതീഷ്‌കുമാറിൻ്റെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് എന്‍ജിഒ അസോസിയേഷന്‍ കോട്ടയം കലക്ടറേറ്റ് വളപ്പില്‍ യോഗം ചേര്‍ന്നത്. കലക്ടറേറ്റ് വളപ്പില്‍ യോഗം ചേരാന്‍ മറ്റ് സംഘടനകള്‍ക്കു വിലക്കുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസ് സംഘനകള്‍ക്ക് അനുവദനീയമാണ്. ജിഎസ്ടി ഫാമിലി ഗ്രൂപ്പിൽ സര്‍ക്കാരിനെ അനുകൂലിച്ച് ഇടത് യൂണിയൻ നേതാക്കള്‍ മാത്രമേ പ്രതികരിക്കാറുള്ളു. ആ ഗ്രൂപ്പില്‍ ആരെങ്കിലും വിമര്‍ശനമുന്നയിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന് എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ചോദിക്കുന്നു.

ധനവകുപ്പ് പരാജയമാണെന്നാരോപിച്ച് പ്രതിപക്ഷനേതാവ് നടത്തിയ നിയമസഭാപ്രസംഗത്തിന്‍റെ വീഡിയോ പങ്കുവച്ചതിന് പ്രതീഷ്‌കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് സസ്പെൻഡ് ചെയ്തതെന്ന് എൻജിഒ അസോസിയേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർഖാൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
അഭിപ്രായം പറയുന്നവരെ അകാരണമായി ശിക്ഷിക്കുകയാണ് പിണറായി സര്‍ക്കാര്‍ . സർക്കാരിൻ്റെ അന്യായമായതും ചട്ടവിരുദ്ധമായതുമായ നടപടികൾക്കെതിരെ പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ല എന്ന് ജാഫർഖാൻ പറഞ്ഞു. എല്ലാ ജില്ലകളിലേയും പ്രതിഷേധ പ്രകടനങ്ങളിൽ കേസെടുക്കാനുള്ള നീക്കവുമായി പോലീസ് മുന്നോട്ട് പോകുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി എൻജിഒ അസോസിയേഷൻ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here