സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ രണ്ടു സ്ത്രീകൾ പ്രതിസ്ഥാനത്ത്; സിനിമയിലെ ലൈംഗികാരോപണ കേസുകളിൽ വഴിത്തിരിവ്
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമാ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടി നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തത്. കേസിൽ നടി സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.
പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് നടി പരാതിയിൽ പറയുന്നത്. നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ജാഫര്‍ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെ നേരത്തേ നടി ലൈംഗിക പീഡനം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിലൂടെ ബീനാ ആന്റണിയും മനോജും സ്വാസികയും രംഗത്തെത്തിയത്.
പരാതിക്കാരിയായ ആലുവ സ്വദേശിനിക്കെതിരെ പോക്സോ കേസിൽ ഒരു ബന്ധു പോലീസിന് പരാതി നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ബാലചന്ദ്രമേനോനും നടിക്കെതിരെ പരാതി നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here