നിയമസഭാ കയ്യാങ്കളിയിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കി; യുഡിഎഫ് നേതാക്കൾക്ക് ആശ്വാസം

നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എടുത്ത സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മുൻ ഇടത് എംഎൽഎമാരായ കെ.കെ.ലതിക, ജമീല പ്രകാശം എന്നിവർ നൽകിയ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.വനിതാ എംഎൽഎമാർ അന്യായമായി തടഞ്ഞുവച്ചെന്നും കൈയേറ്റം ചെയ്‌തെന്നും ആരോപിച്ച് നൽകിയ പരാതിലാണ് യുഡിഎഫ് മുൻ എംഎൽഎമാരായ എംഎ വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ ശിവദാസൻ നായർ എന്നിവർക്കെതിരെ കേസെടുത്തിരുന്നത്.

കേസ് നിലനിൽക്കുമെന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ്‌ പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2015 മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം. ബാർ കോഴ വിവാദം കൊടുമ്പിരികൊണ്ടു നിൽക്കേ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം ഇടത് അംഗങ്ങൾ തടസപ്പെടുത്തിയതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സ്‌പീക്കറുടെ കസേരയടക്കം നശിപ്പിച്ചിരുന്നു. വി ശിവൻകുട്ടി, ഇപി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, സികെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ്  ഉൾപ്പെടെയുള്ള ഇടത് എംഎൽഎമാർക്ക് എതിരെയാണ് ആദ്യം പോലീസ് കേസെടുത്തത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്.

ഈ കേസിന് പിന്നാലെയാണ് ഇടത് വനിതാ എംഎൽഎമാർ കയ്യേറ്റം ചെയ്തെന്ന പരാതി നൽകിയത്. കേസിൽ പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തിയിരുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ഐപിസി 341, 323 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top