ആറന്മുള ലോകോളജില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

പത്തനംതിട്ട: നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ് എടുത്തു. കായംകുളം സ്വദേശിയായ നിള.എസ്.പണിക്കരുടെ പരാതിയില്‍ മൂന്ന് ദിവസമായി കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ആറന്മുള പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്‌ – കെ.എസ്.യു പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പ്രകോപനമില്ലാതെയാണ് ജയ്സണ്‍ ജോസഫ്‌ എന്ന ഡിവൈഎഫ്ഐ നേതാവ് തന്നെ മര്‍ദ്ദിച്ചതെന്ന് നിള മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

കടമനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നിളയെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സഹപാഠി കൂടിയായ ജയ്സണ്‍ തല്ലിയത്. മൂക്കിലും കൈയ്യിലും പരിക്കേറ്റ നിള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. “കോളജിലെ മുന്‍ നിയമപ്രകാരം ഹാജര്‍ കുറവാണെങ്കില്‍ ആ വര്‍ഷത്തെ അധ്യയനം നഷ്ടമാകും. എനിക്കും ജയ്സനും നാലാമത്തെ സെമസ്റ്റര്‍ നഷ്ടമായിരുന്നു. രണ്ടു മാസം മുന്‍പ് പുതിയ പ്രിന്‍സിപ്പല്‍ വന്നതിന് ശേഷം ഈ വ്യവസ്ഥ മാറ്റി. അതുകൊണ്ട്‌ നഷ്‌ടമായ വര്‍ഷത്തെ ഫീസ്‌ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ജയ്സണെതിരെയാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്ന് ആരോപിച്ച് കോളജില്‍വച്ച് എന്നെ മര്‍ദ്ദിക്കുകയായിരുന്നു”- നിള പറഞ്ഞു. ജയ്സന്റെ കൂടെ ജെറോം, അതുല്‍, ആദിത്യ ശങ്കർ, അബ്ദുൽ മാലിക് എന്നിവരും ആക്രമിച്ചെന്നും മുടിക്ക് പിടിച്ച് അടിക്കുകയും,ഉടുപ്പ് വലിച്ചു കീറുകയും, സ്വാകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ആറന്മുള പോലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് നിള ഇന്നലെ ഡിവൈ.എസ്.പിക്കും വനിത കമ്മീഷനും പരാതി നല്‍കിയിരുന്നു. നിളയുടെ സുഹൃത്തായ ജഗത്ത്ദേവിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സഹപാഠിയായ മറ്റൊരു വിദ്യാര്‍ത്ഥിനിയെ തല്ലിയെന്ന് ആരോപിച്ച് നിളയ്ക്കെതിരെ ആറന്മുള പോലീസില്‍ മറ്റൊരു പരാതിയുണ്ട്. എന്നാല്‍ ഇത് കള്ളപ്പരാതിയാണെന്നും തന്റെ പരാതിയ്ക്ക് ശേഷം നല്‍കിയതാണെന്നും നിള പറഞ്ഞു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top