ദേശാഭിമാനിയിൽ കള്ളവാർത്ത എഴുതിയയാളെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ്; “ഗൂഢാലോചന സിപിഎം നേതൃത്വത്തിൻ്റെ അറിവോടെ”

കോഴിക്കോട്: കെ.എസ്.യു നേതാവ് അന്‍സില്‍ ജലീനെതിരെ വ്യാജരേഖ ചമച്ച ദേശാഭിമാനിക്കും ലേഖകനുമെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യാജ സര്‍ട്ടിഫിക്കറ്റെന്ന നിലയില്‍ അന്‍സിലിന്റെ പേരില്‍ വ്യാജരേഖ ചമച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. കെ.എസ്.യു പ്രവര്‍ത്തനത്തിനിടെ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജോലിക്ക് പോയ അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് വരുത്തിത്തീര്‍ത്ത് കേസില്‍ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നതെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. അന്‍സിലിനുണ്ടായ അപകീര്‍ത്തിക്ക് ദേശാഭിമാനിയും സി.പി.എമ്മും നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വ്യാജരേഖ ചമച്ച ദേശാഭിമാനിയിലെ ലേഖകന്‍ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും എതിരെ വ്യാജവാര്‍ത്തകള്‍ നിരന്തരമായി നല്‍കുന്ന ആളാണ്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കള്‍ പരീക്ഷ എഴുതാതെ പാസായെന്നും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചെന്നും ആരോപണം വന്നപ്പോള്‍ കെ.എസ്.യുവും ഇതുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. നിരന്തരമായി വ്യാജവാര്‍ത്ത ചമയ്ക്കുന്ന ലേഖകനെ പിരിച്ചുവിടുകയാണ് ദേശാഭിമാനി ചെയ്യേണ്ടത്. കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുന്നതിന് വേണ്ടി ദേശാഭിമാനിയില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘത്തിന്റെ തലപ്പത്തുള്ള ഈ ലേഖകനാണ് വ്യാജരേഖയുണ്ടാക്കിയതെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top