അന്ന് ജഡ്ജിയുടെ വീട്ടുപടിക്കൽ നോട്ടുകെട്ട്; ഇന്ന് വീട്ടിനുള്ളിൽ നോട്ടുകെട്ട്… അന്നത്തെ ജഡ്ജിയെ വെറുതെവിട്ട് കോടതി; ഇന്നിതുവരെ കേസ് പോലുമില്ല!!

ഇക്കഴിഞ്ഞ 14ന് ഡൽഹിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീ പടർന്നത് അണക്കാനെത്തിയ ഫയർഫോഴ്സ് – പോലീസ് സംഘങ്ങൾ കണ്ടത് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ; ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും കേസുമില്ല, അന്വേഷണവുമില്ല. പരാതി ഉന്നയിച്ച അഭിഭാഷക സംഘടനകളെ സമാധിനിപ്പിക്കാൻ ജുഡീഷ്യറിയുടെ വിവിധ തലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയെ അലഹബാദിലേക്ക് സ്ഥലംമാറ്റിയത് മാത്രമാണ് രണ്ടാഴ്ചയെത്തുമ്പോൾ ആകെ ഉണ്ടായിരിക്കുന്ന നടപടി.

ഇതിനിടെയാണ് വാതിൽപ്പടി കോഴ (Cash at Judge’s doorstep) എന്ന പേരിൽ അറിയപ്പെട്ട 2008ലെ കേസിൽ ജസ്റ്റിസ് നിർമൽ യാദവിനെ കുറ്റവിമുക്തയാക്കി കൊണ്ട് പ്രത്യേക സിബിഐ കോടതി ജഡ്ജി അൽക്കാ മാലിക് വിധിച്ചിരിക്കുന്നത്. കൂട്ടുപ്രതികളായ രവീന്ദ്രസിങ് ഭാസിന്‍, രാജീവ് ഗുപ്ത, നിര്‍മല്‍ സിങ് എന്നിവരെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുന്നു എന്നു മാത്രമാണ് തൽക്കാലം വിവരം. വിശദമായ ഉത്തരവ് പുറത്തുവന്നിട്ടില്ല.

2008ൽ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു നിർമൽ യാദവ്. അക്കൊല്ലം ഓഗസ്റ്റ് 13ന് അതേ കോടതിയിലെ മറ്റൊരു വനിതാ ജഡ്ജിയായിരുന്ന നിര്‍മല്‍ജിത് കൗറിന്‍റെ വീട്ടുപടിക്കല്‍ 15 ലക്ഷം രൂപയടങ്ങിയ ഒരു ബാഗ് ഒരാൾ എത്തിച്ചു. അന്നത്തെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സലിന്‍റെ ക്ലര്‍ക്കാണ് ബാഗ് എത്തിച്ചത്. അമ്പരന്ന ജസ്റ്റിസ് കൗര്‍ തൻ്റെ പ്യൂണിന് വിവരം നൽകി‍ ചണ്ഡിഗഢ് പൊലീസിൽ അറിയിക്കുകയും കേസെടുക്കുകയും ചെയ്തു.

പിന്നീടാണ് യഥാർത്ഥ കഥ പുറത്തുവന്നത്. ജസ്റ്റിസ് നിർമൽ യാദവിൻ്റെ വീട്ടിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ച ബാഗാണ് പേരിലെ സമാനത കാരണം ആളുമാറി ജസ്റ്റിസ് നിര്‍മല്‍ജിത് കൗറിന്‍റെ വീട്ടിലെത്തിയത്. ചണ്ഡിഗഢ് പൊലീസ് കൈമാറിയ കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ ഒരിക്കൽ സിബിഐ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. എന്നാൽ തുടരന്വേഷണം നടത്തി അന്വേഷണസംഘം നൽകിയ കുറ്റപത്രം തള്ളിയാണ് ഇപ്പോൾ സിബിഐ കോടതി ഈ മുൻ ന്യായാധിപയെ വെറുതെ വിട്ടിരിക്കുന്നത്.

ആകെ അഞ്ചുപ്രതികളാണ് ഉണ്ടായിരുന്നത്. 15 ലക്ഷം കൊടുത്തയച്ച അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സൽ മുഖ്യപ്രതിയായിരുന്നു. ഇയാൾ 2016ൽ മരിച്ച ശേഷം ജഡ്ജി അടക്കം നാലുപ്രതികളെയാണ് വിചാരണ ചെയ്തത്. കേസിന് പിന്നാലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ട ജസ്റ്റിസ് നിർമൽ യാദവ് 2011 മാര്‍ച്ചില്‍ വിരമിച്ചിരുന്നു. കേസ് മുടക്കാനോ വൈകിപ്പിക്കാനോ ആയി പിന്നീട് പലവട്ടം സുപ്രീം കോടതിയെ അടക്കം സമീപിച്ചെങ്കിലും ഒരു കോടതിയും കനിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top