ജാതിയധിക്ഷേപം ഉന്നയിച്ച് സച്ചിൻദേവ് എംഎല്‍എ നൽകിയ പരാതിയില്‍ അഡ്വ. ജയശങ്കറിന്‍റെ അറസ്റ്റ് വിലക്കി ഹൈക്കോടതി; പോലീസിന് അന്വേഷണം തുടരാം
കൊച്ചി: കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞതില്‍ തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന സച്ചിന്‍ദേവ് എംഎല്‍എയുടെ പരാതിയില്‍ അഡ്വ.ജയശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. എന്നാല്‍ കേസില്‍ അന്വേഷണം തുടരാം. ജസ്റ്റിസ് സി.എസ്.ഡയസിന്റെതാണ് ഉത്തരവ്.
ജയശങ്കറിനെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് എടുത്തത്. മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെയും വിമർശിച്ച് ജയശങ്കര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിലെ പരാമർശങ്ങൾ തനിക്ക് അധിക്ഷേപകരമായെന്ന് ആരോപിച്ച് സച്ചിൻദേവ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ ഇല്ലാതെ അതീവ രഹസ്യമാക്കി പോലീസ് വച്ചിരിക്കുകയായിരുന്നു.
“നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ ആ രീതിയില്‍ ഡ്രൈവര്‍ക്കെതിരെ പരാതി കൊടുത്തിരുന്നെങ്കില്‍ ഈ എംപാനല്‍കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല. ഭാഗ്യം കൊണ്ടാണ് ബാലുശ്ശേരി എംഎല്‍എ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന പരാതി കൊടുക്കാതിരുന്നത്. അടുത്ത തവണ സഖാവ് ശ്രീനിജന്റെ പരിപാടി ചെയ്തേനെ. ജാതിപ്പേര് വിളിച്ച് അപമാനിച്ചു, ഇദ്ദേഹത്തെ പട്ടികജാതിക്കാരന്‍ അല്ലെങ്കില്‍ പട്ടീടെ മോനെ എന്ന് വിളിച്ചു, എന്നൊക്കെ പരാതി കൊടുത്താല്‍ പെട്ടു.” – വീഡിയോയില്‍ ജയശങ്കര്‍ പറഞ്ഞു. ഈ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ജയശങ്കറിനെതിരെ സച്ചിന്‍ദേവ് പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here