ജാതി സെൻസസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ഹർജി രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് കേരളം

ഡൽഹി: ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനും കോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.മറുപടി സത്യവാങ്മൂലം നല്‍കാനാണ് കൂടുതല്‍ സമയം കേരളം ആവശ്യപ്പെടുന്നത്. കേന്ദ്രവും സത്യവാങ്മൂലം നൽകിയിട്ടില്ല.

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റാണ് ഹര്‍ജി നല്‍കിയത്. സംവരണപ്പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് വാദം.

കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മിഷനും കഴിഞ്ഞ മാസം 22ന് ആണ് കോടതി നോട്ടിസ് അയച്ചത്. നിശ്ചിത ഇടവേളകളിൽ സംവരണ പട്ടിക പരിഷ്കരിക്കണമെന്ന് ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതി നിർദേശിച്ചിട്ട് 30 വർഷമായി. ഇക്കാര്യത്തിൽ നടപടി ഒഴിവാക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്ന് ഹർജിയിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top