സന്ദീപിൻ്റെ വരവോടെ മൂത്താൻ സമുദായം എങ്ങോട്ട് തിരിയും; പാലക്കാട്ടെ സമുദായ സമവാക്യങ്ങൾ മാറിമറിയുമോ
ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ ജാതി സമവാക്യങ്ങളിൽ മാറ്റം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്. കഴിഞ്ഞ കുറെ നാളുകളായി സന്ദീപ് ഉൾപ്പെട്ട മൂത്താൻ സമുദായം ബിജെപിയുമായി ഉടക്കിലായിരുന്നു. പാലക്കാട് മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള മൂത്താൻ സമുദായാംഗമായ നഗരസഭാധ്യക്ഷ പ്രിയ അജയനെ മാറ്റി ഇപ്പോഴത്തെ ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണ കുമാറിൻ്റെ ഭാര്യയെ നിയമിക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നു. അത് നടക്കാതെ വന്നപ്പോൾ പ്രമീള ശശിധരനെ നിയമിച്ചു. ഇതിൽ സമുദായ നേതൃത്വം അസ്വസ്ഥരായിരുന്നു.
മൂത്താൻ സമുദായാംഗമായ ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൻ്റെ നടത്തിപ്പിൽ പാർട്ടി നേതൃത്വത്തിന് വീഴ്ച ഉണ്ടായതും സമുദായത്തിൻ്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വർഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയായ ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ്റെ കുടുംബാംഗങ്ങളെ കോൺഗ്രസിൽ ചേരുന്നതിന് തൊട്ടു മുമ്പ് സന്ദീപ് വാര്യർ സന്ദർശിച്ചിരുന്നു. ഈ കേസില്‍ 17 പ്രതികള്‍ക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ച വിഷയം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ സന്ദീപ് വാര്യർ ഉയർത്തിയിരുന്നു.
സന്ദീപിൻ്റെ വരവോടെ മൂത്താൻ സമുദായ വോട്ടിൽ വലിയ ചലനമുണ്ടാകും എന്നാണ് യുഡിഎഫ് കണക്കുകൂട്ടലുകൾ. ഈ സമുദായത്തിൽപ്പെട്ട ആറ് ബിജെപി നഗരസഭാ കൗൺസിലർമാരുടെ നിലപാടുകളിൽ മാറ്റം വന്നാൽ നഗരസഭാ ഭരണം തന്നെ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ കൗൺസിലർമാരിൽ അധികം പേരും സന്ദീപ് വാര്യരുമായി അടുപ്പം പുലർത്തുന്നവരാണ്. സമുദായത്തിന് നിർണായക സ്വാധീനമുള്ള മുനിസിപ്പൽ പ്രദേശങ്ങൾ ഉൾപ്പെടുന്ന 10ലധികം ബൂത്ത് പ്രദേശങ്ങളിൽ ഇതാദ്യമായി സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത് വലിയ മുന്നേറ്റമായിട്ടാണ് കോൺഗ്രസ് വിലയിരുത്തുന്നത്.
ഇതേവരെ മൂത്താൻ സമുദായം ബിജെപി വിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇതുവരെ അവരുടെ സമ്പൂർണ പിന്തുണ ലഭിച്ചിരുന്ന അവസ്ഥയിൽ നിന്ന് കാര്യമായ വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് ബിജെപി പ്രവർത്തകർ സമ്മതിക്കുന്നുണ്ട്. ഇത്തവണ ഉപതിരഞ്ഞെടുപ്പിലെ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിത്വം തന്നെ അപസ്വരങ്ങൾക്കും ഇടയാക്കിയിരുന്നു. ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥിത്വം നൽകം എന്നായിരുന്നു സമുദായത്തിലെ പ്രമുഖ വിഭാഗത്തിൻ്റെ താൽപര്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here