ഗുരുവായൂരപ്പന് ബ്രാഹ്മണ ‘കുക്ക്’ മതി, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം; അന്വേഷിക്കുമെന്ന് മന്ത്രി

പാർവതി വിജയൻ

തിരുവനന്തപുരം: സംസ്ഥാന ദേവസ്വം മന്ത്രിക്ക് പോലും അയിത്തം നേരിടേണ്ടി വന്നു എന്ന ആരോപണം കെട്ടടങ്ങുന്നതിന് മുന്നേ ഗുരുവായൂർ അമ്പലത്തിൽ ‘ക്ഷേത്രം കുക്ക്’ തസ്തികയിലേക്ക് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്. ഈ മാസം 11ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ‘വിജ്ഞാപനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും നിങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് വിഷയം അറിഞ്ഞതെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും’ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

നവോത്ഥാനവും പുരോഗമനവും ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോഴാണ് ക്ഷേത്രം കുക്ക് തസ്തികയിലേക്ക് ബ്രാഹ്മണ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് ശഠിക്കുന്നത്. അതിലുപരി ഭിന്നശേഷിക്കാർ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ക്ഷേത്രം കുക്ക് തസ്തികയിൽ ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്നതിന് പ്രത്യേക കാരണമൊന്നും വിശദീകരിച്ചിട്ടില്ല. ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട ഒരു റിക്രൂട്ട്മെന്റ് ബോർഡിലെ തസ്തികയിലേക്ക് എന്തിനാണ് ഒരു പ്രത്യേക ജാതിയിൽപ്പെട്ടവർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് സർക്കാർ തന്നെ നിഷ്കർഷിക്കുന്നത്. ഹിന്ദു സമുദായത്തിൽപ്പെട്ട ആർക്കും പൂജാരിയാവാൻ അർഹതയുണ്ടെന്ന് സർക്കാർ തന്നെ പറയുമ്പോഴാണ് ഈ വിവേചനം.

ദേവസ്വം ബോർഡ് നിയമനം പി എസ് സിക്ക് വിടുമെന്നായിരുന്നു എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. എന്നാൽ പിന്നീട് നിയമനത്തിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുകയായിരുന്നു. നിയമന നടപടിക്രമങ്ങളിൽ റൊട്ടേഷൻ പാലിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആ നിർദേശം മറികടന്നാണ് ബ്രാഹ്മണർ മാത്രം കുക്ക് തസ്തികയിൽ അപേക്ഷിച്ചാൽ മതിയെന്ന റിക്രൂട്ട്മെന്റ് ബോർഡിന്റെ വിജ്ഞാപനം.

മലയാളം എഴുതാനും വായിക്കാനും അറിയാവുന്നതും ശാരീരിക ക്ഷമതയുള്ളതുമായ ഹിന്ദു ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്ന ഏതു രീതിയോടും യോജിപ്പില്ലെന്നാണ് ദേവസ്വം മന്ത്രിയുടെ സുവ്യക്തമായ നിലപാട്. പക്ഷെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നിയമനങ്ങളുടെ കാര്യത്തിൽ ജാതി വിവേചനം മാറ്റാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നുമില്ല.

‘കാലങ്ങളായി കേരളത്തിൽ നടക്കുന്ന രീതിയാണിത്. പ്രധാന ക്ഷേത്രങ്ങളിൽ പൂജാരിയുടെ തസ്തികയിൽ ഉൾപ്പെടെ അപേക്ഷിക്കാൻ പോലും ബ്രാഹ്മണരല്ലാത്തവർക്ക് അർഹതയില്ലാത്ത നാടാണ് കേരളം. ദേവസ്വം മന്ത്രിക്ക് പോലും അയിത്തം നേരിട്ടിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും’ സാമൂഹിക നിരീക്ഷകനായ സണ്ണി.എം.കപിക്കാട് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വോട്ട് ചോർച്ച പേടിച്ച് ഒരു സർക്കാരും ഇതിനെ ചോദ്യം ചെയ്യാൻ തയാറല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

Logo
X
Top