മെത്രാനെ തെറിവിളിച്ച വൈദികനോട് സഭ വിശദീകരണം തേടി; ഫാ.വാഴക്കുന്നം നേരിട്ടെത്തി വിശദീകരിക്കണമെന്ന് കാതോലിക്കാ ബാവ

കോട്ടയം: ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസന ബിഷപ്പിനെതിരെ അധിക്ഷേപകരമായ പ്രസ്താവന നടത്തിയ വൈദികനോട് സഭയുടെ അധ്യക്ഷനായ കാതോലിക്ക ബാവ വിശദീകരണം തേടി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന ബിഷപ്പ് ഡോ.ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തക്ക് എതിരായി സമൂഹമാധ്യമം വഴി ഇടത് സഹയാത്രികനും കോളജ് അധ്യാപകനുമായ ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശദീകരണം തേടിയത്.

ഫാ.മാത്യുസ് വാഴക്കുന്നം തൻ്റെ പ്രതികരണത്തില്‍ ബാവായോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ചയ്ക്ക് ബാവ അനുമതി നൽകിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫാ.വാഴക്കുന്നം നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് നിർദേശം. നിലയ്ക്കല്‍ ഭദ്രാസനാ ബിഷപ്പിനെ അതിരൂക്ഷമായ ഭാഷയിൽ വിമര്‍ശിക്കുന്ന വാഴക്കുന്നത്തിൻ്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ മാസം ബിജെപിയില്‍ അംഗത്വമെടുത്ത സഭയിലെ വൈദികനും ഭദ്രാസന സെക്രട്ടറിയുമായിരുന്ന ഫാ.ഷൈജു കുര്യനെതിരായ പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് വാഴക്കുന്നത്തിനോട് മെത്രാൻ വിശദീകരണം ചോദിച്ചിരുന്നു. ഇതാണ് വൈദികനെ പ്രകോപിപ്പിച്ചത്. ജോഷ്വാ മാർ നിക്കോദിമോസിനോട് വിശദീകരണം നല്കാൻ താൻ തയ്യാറല്ലെന്നും, ബിഷപ്പിൻ്റെ വസ്തു ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്. ബിജെപിയിൽ ചേർന്ന വൈദികനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top