ആര്‍എസ്എസിന്റെ നുണലേഖനത്തെ പേടിക്കുന്നില്ല; സഭയ്ക്ക് ഒരു തരി പോലും അനധികൃത ഭൂമിയില്ല; നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭയുടെ ദീപിക

രാജ്യത്തെ കത്തോലിക്ക സഭയ്ക്ക് അധിക ഭൂമി ഇല്ലാത്തതിനാല്‍ ആര്‍എസ്എസിന്റെ ഔദ്യോഗിക മാസികയായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തെ ഭയമില്ലെന്ന് മുഖപത്രമായ ദീപികയുടെ എഡിറ്റോറിയല്‍. സഭയുടെ ഭൂമിയില്‍ ഒരു തുണ്ടു പോലും തട്ടിയെടുത്തതോ അനധികൃതമോ അല്ല. ഉള്ളതിലേറെ ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. ‘ലേഖനത്തെ ഭയമില്ല, വര്‍ഗീയതയെ ഭയമുണ്ട്’ എന്ന മുഖപ്രസംഗത്തില്‍ ആര്‍എസ്എസിനെ അതിരൂക്ഷമായി ദീപിക വിമര്‍ശിക്കുന്നുണ്ട്.

ഏപ്രില്‍ 3ന് ഓര്‍ഗനൈസറിന്റെ ഓണ്‍ലൈനില്‍ കത്തോലിക്ക സഭയ്ക്ക് വഖഫിനേക്കാള്‍ അധിക ഭുമിയുണ്ടെന്ന് കാണിച്ച് ലേഖനം വന്നിരുന്നു. വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓര്‍ഗനൈസര്‍ ലേഖനം. ആര്‍എസ്എസിന് ഈ തെറ്റായ വിവരങ്ങള്‍ എവിടെ നിന്നാണ് കിട്ടിയതെന്നറിയില്ല. ചില വര്‍ഗീയ- തീവ്രവാദ സമൂഹമാധ്യമ ആരോപണങ്ങളുടെ ശൈലിയിലുള്ളതാണ് ആര്‍എസ്എസിന്റെ ലേഖനം. വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷ കക്ഷികളേയും ദീപിക കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

അര്‍എസ്എസിന്റെ ക്രൈസ്തവ ആക്രമണങ്ങളെയും ഓര്‍ഗനൈസര്‍ ലേഖനത്തെയും വഖഫിനെയുമൊക്കെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. വഖഫിനുശേഷം ബിജെപി ക്രൈസ്തവരെ തേടി വരുമെന്നു ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേയെന്നു ചോദിക്കുന്ന രാഷ്ട്രീയക്കാരോട്, ഇല്ല എന്നുതന്നെ പറയും. കാരണം, സംഘപരിവാറിന് ന്യൂനപക്ഷത്തെ ആക്രമിക്കാന്‍ വഖഫൊന്നും വേണ്ട. മറ്റൊന്ന്, ആര്‍എസ്എസ് ലേഖനത്തിന്റെ ഉള്ളടക്കം തെറ്റാണ്. ആ തെറ്റിനെക്കുറിച്ചു പറയുന്നതിനു പകരം, വഖഫ് ഭേദഗതിയെ എതിര്‍ത്ത തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷം ഈയവസരം ഉപയോഗിക്കുകയാണ് എന്നും ദീപിക വിമര്‍ശിക്കുന്നു. കെസിബിസിയും സിബിസിഐയും വഖഫ് ബില്‍ സംബന്ധിച്ച് ഉന്നയിച്ച ഉത്കണ്ഠകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

‘മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കാന്‍ വഖഫ് ബോര്‍ഡിനെ സഹായിച്ച ചില വകുപ്പുകള്‍ ഒഴിവാക്കണമെന്നാണ് സിബിസിഐയും കെസിബിസിയും ആവശ്യപ്പെട്ടത്. പ്രതിപക്ഷം അതു കേട്ടതായി നടിച്ചില്ല. അതുപോലെ, വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ബിജെപിക്കു കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എന്നപോലെ ക്രൈസ്തവരുടെയും പിന്തുണ ആവശ്യമില്ലായിരുന്നെന്ന യാഥാര്‍ഥ്യവും മറക്കരുത്. പ്രതിപക്ഷത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാനോ വഖഫിലെ ചില വകുപ്പുകള്‍ ഈ രാജ്യത്തുണ്ടാക്കിയ പൊല്ലാപ്പുകളെ തിരിച്ചറിയാനോ താത്പര്യമില്ല. ഇന്ത്യ സഖ്യത്തിന്റെ ന്യൂനപക്ഷ നിലപാടുകളില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന തോന്നല്‍ ക്രൈസ്തവരില്‍ രൂഢമൂലമായിക്കഴിഞ്ഞു. മതവര്‍ഗീയതയുടെ പല്ലും നഖവുമുള്ള സംഘപരിവാര്‍ ആക്രമണങ്ങളും വഖഫ് വകുപ്പുകളും ക്രൈസ്തവര്‍ക്ക് ദുരിതമായപ്പോള്‍ അതിലേതെങ്കിലും ഒന്നു തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയംകൊണ്ട് എങ്ങനെ വര്‍ഗീയതയെ ചെറുക്കും’ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുന്നത്, സംഘപരിവാറിന്റെ ക്രൈസ്തവപീഡനങ്ങള്‍ കാണാതെയല്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ടു തല്ലുന്നവര്‍ കേരളത്തില്‍ സഹായിക്കുമെന്നു പറയുമ്പോള്‍ അതിന്റെ രാഷ്ട്രീയം തിരിച്ചറിയാനാകും. സംഘപരിവാറിന്റെ ഓരോ അതിക്രമവും രാജ്യത്തെവിടെയുമുള്ള ക്രൈസ്തവര്‍ക്കു കൊള്ളുന്നുണ്ട്.

മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്ന പരാതി കൊടുത്താല്‍ ഏതൊരു ക്രിസ്ത്യാനിയെയും ജയിലില്‍ അടയ്ക്കാമെന്നും സ്ഥാപനം പൂട്ടിക്കാമെന്നുമൊക്കെ കുട്ടികള്‍ വരെ ചിന്തിച്ചുതുടങ്ങി. പാക്കിസ്ഥാനിലെ ദൈവദൂഷണനിയമം അടക്കമുള്ള മതഭ്രാന്തുകളെ ഇനിയെങ്ങനെ നാം വിമര്‍ശിക്കും. ക്രൈസ്തവരെയും അവരുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവരുടെ ഊര്‍ജസ്രോതസായി മാറിയ കേന്ദ്രസര്‍ക്കാരിന്റെ നിശബ്ദതയാണ് സ്ഥിതി ഗുരുതരമാക്കിയത്. ക്രിസ്മസ് കാലത്തെന്നപോലെ അടുത്തയാഴ്ച ഈസ്റ്ററിന്റെ വിശുദ്ധവാരം തുടങ്ങുമ്പോഴും ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ ഭീതിയിലാണ്.

‘ആര്‍എസ്എസിന്റെ നുണലേഖനത്തെ ക്രൈസ്തവര്‍ക്കു തരിമ്പും ഭയമില്ല. ഓരോ വിശ്വാസിയുടെയും വിയര്‍പ്പിന്റെ വിലകൊണ്ടു വാങ്ങിയതല്ലാതെ ഇവിടെയൊന്നും വെട്ടിപ്പിടിച്ചു വച്ചിട്ടുമില്ല. പഠിക്കുന്ന വിദ്യാലയങ്ങളുടെയും കിടക്കുന്ന ആശുപത്രികളുടെയും പരിസരത്തു നിന്നു നോക്കിയാല്‍ സംഘപരിവാറിനും കാണാം, സഭയുടെ സ്വത്തുക്കള്‍. സംശയമുണ്ടെങ്കില്‍ കോടതിയുണ്ടല്ലോ. അതിലൊന്നും ആധിയില്ല. പക്ഷേ, ക്രൈസ്തവര്‍ ആഭ്യന്തരഭീഷണിയാണെന്നു തോന്നിപ്പിക്കുന്ന ആര്‍എസ്എസ് ലേഖനത്തിന്റെ പുകമറ സന്ദേശം അക്രമികളായ വര്‍ഗീയവാദികളിലെത്തിയേക്കാം. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന അതിന്റെ പേര് വര്‍ഗീയതയെന്നു മാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ട്; ഭയം ഒരു രാജ്യമായി മാറുന്നതുപോലെ’ എന്ന അതിരൂക്ഷമായ വിമര്‍ശനത്തോടെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top