സുപ്രീം കോടതി ബാർ അസോസിയേഷനില്‍ മത്സരിക്കാന്‍ കന്യാസ്ത്രീയ്ക്ക് സഭാവിലക്ക്; വത്തിക്കാന്റെ നടപടി കാരണമൊന്നും കൂടാതെ; അവബോധത്തിന് ശ്രമിക്കുമെന്ന് സിസ്റ്റർ ജെസി കുര്യന്‍

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മലയാളി കന്യാസ്ത്രീയും അഭിഭാഷകയുമായ സിസ്റ്റർ ജെസി കുര്യന് കത്തോലിക്ക സഭയുടെ വിലക്ക്. ബാർ അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റി സ്ഥാനത്തേക്കായിരുന്നു നോമിനേഷന്‍ നല്‍കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച തന്റെ നാമനിർദ്ദേശപത്രിക പിൻവലിച്ചുകൊണ്ട് ബാർ അസോസിയേഷൻ അംഗങ്ങൾക്ക് കത്തയച്ചതായി സിസ്റ്റർ ജെസി വ്യക്തമാക്കി.

ഈ മാസം 16നാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ജെസി കുര്യൻ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. സെക്കന്തരബാദ് ആസ്ഥാനമായ സെന്റ് ആൻസ് പ്രൊവിൻസ് കോൺഗ്രിഗേഷൻ അംഗമായ ജെസിക്ക് വത്തിക്കാനിലെ സന്യാസിനി സഭാ ആസ്ഥാനത്തുനിന്നാണ് അനുമതി നിഷേധം വന്നത്. എക്സിക്യൂട്ടീവ് അംഗമായി മത്സരി ക്കുന്നതിന് അനുമതി തേടിക്കൊണ്ട് മെയ് രണ്ടിന് വത്തിക്കാനിലെ കോൺഗ്രിഗേഷൻ ആസ്ഥാനത്തേക്ക് ജെസി കുര്യന്‍ കത്തയച്ചിരുന്നു. മെയ് 5 നാണ് അനുമതി നിഷേധിച്ചു കൊണ്ടുള്ള മദർ ജനറലിന്‍റെ വാട്ട്സാപ്പ് സന്ദേശം ലഭിക്കുന്നത്. മറ്റ് പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെന്ന് ജെസി കുര്യൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “അഭിഭാഷക വൃത്തിയുടെ ഭാഗമായുള്ള അസോസിയേഷൻ്റെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടു ത്തിയതിന്‍റെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പദവിയല്ല അസോസി യേഷൻ എക്സിക്യൂട്ടീവ് അംഗത്വം. എന്നിട്ടും അനുമതി നിഷേധിച്ചതിൻ്റെ കാരണമെന്തന്ന് അറിയില്ല.” – ജെസി കുര്യന്‍ പറഞ്ഞു.

2008 ൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ അംഗമായിരുന്നു സിസ്റ്റർ ജെസി കുര്യൻ. ഈ പദവിയിലെത്തിയ ആദ്യ കന്യാസ്ത്രീയായിരുന്നു. ജില്ലാ ജഡ്ജിയുടെ പദവിക്ക് തുല്യമായിരുന്നു ദേശീയ വിദ്യാഭ്യാസ കമ്മീഷൻ അംഗത്വം. ഈ പദവി ഏറ്റെടുക്കുന്നതിന് അനുമതി നൽകിയ കോൺഗ്രിഗേഷനാണ് ഇപ്പോൾ തൊഴിലിന്റെ ഭാഗമായുള്ള പ്രൊഫഷണൽ ബോഡിയിലേക്ക് മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ച ശേഷമാണ് സിസ്റ്റർ നിയമ രംഗത്തേക്ക് തിരിഞ്ഞത്. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് നിയമസഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള മുൻനിര മനുഷ്യാവകാശ പ്രവർത്തകയാണ് ജെസ്സി കുര്യൻ. സെക്കന്തരാബാദിലെ സെന്റ്‌ ആൻസ് പ്രൊവിഡൻസിലെ അംഗമായ അവർ 19 വർഷമായി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഈ സന്യാസിനി സഭയിൽ നിന്ന് നിയമം പഠിച്ച് അഭിഭാഷകയായ ആദ്യ വ്യക്തിയാണ് ജെസി കുര്യൻ.

“എനിക്ക് അനുമതി നല്‍കേണ്ടത് സെക്കന്തരാബാദിലെ ആസ്ഥാനത്ത് നിന്നാണ്. പക്ഷെ കഴിഞ്ഞ അഞ്ചിന് കത്ത് വന്നത് സെന്റ് ആൻസ് പ്രൊവിൻസ് കോൺഗ്രിഗേഷന്‍റെ ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനത്ത് നിന്നാണ്. ബാര്‍ അസോസിയേഷന്‍ എക്സിക്യുട്ടീവ്‌ അംഗമായി മത്സരിക്കുന്നതിന് താത്പര്യമില്ലെന്നാണ് മദര്‍ ജനറലിന്‍റെ സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബാര്‍ അസോസിയേഷന്‍ ഒരു പ്രൊഫഷണല്‍ ബോഡിയാണ് എന്ന് വിശദീകരിച്ച് ഞാന്‍ കത്തയച്ചെങ്കിലും അതിന് മറുപടി വന്നില്ല. സഭയെ ബോധ്യപ്പെടുത്താനുള്ള സമയം ലഭിച്ചതുമില്ല.”

“എന്നെ അഭിഭാഷകയാക്കിയത് ഈ കോണ്‍ഗ്രിഗേഷനാണ്. അതുകൊണ്ട് തന്നെ സഭയ്ക്ക് എതിരെ നിയമപരമായ നടപടിയിലേക്ക് നീങ്ങുന്നില്ല. ഇതൊരു പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ആണെന്ന് തെറ്റിദ്ധരിച്ചാണോ അനുമതി നിഷേധിച്ചത് എന്നും സംശയമുണ്ട്. കൊച്ചിയിലെ പരിപാടിക്ക് പ്രധാനമന്ത്രി മോദിക്ക് ഒപ്പം വേദിയില്‍ ഇരിക്കാന്‍ എനിക്ക് ക്ഷണം വന്നിരുന്നു. അതിന് അനുമതി ചോദിച്ചപ്പോള്‍ സഭ അനുമതി നല്‍കിയില്ല. ഒരു രാഷ്ട്രീയപാര്‍ട്ടി അവരുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങള്‍ക്കും സഭ അനുമതി നല്‍കിയില്ല. രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുക സഭാ രീതിയല്ലെന്നാണ് എന്നെ അറിയിച്ചത്. ബാര്‍ അസോസിയേഷന്‍ ഏതോ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാവാം അനുമതി നല്‍കാത്തതെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ഈ കാര്യത്തില്‍ മൗലികാവകാശ ലംഘനം നടന്നതിനാല്‍ അവബോധത്തിനാണ് ശ്രമിക്കുന്നത്.” – സിസ്റ്റർ ജെസി കുര്യന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top