മാര്‍പ്പാപ്പയ്ക്ക് ഇന്ന് 88-ാം പിറന്നാള്‍; ആഗോള സഭയുടെ തലവനായിട്ട് 11 വര്‍ഷം

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ഇന്ന് 88-ാം ജന്മദിനം. പ്രതിസന്ധിയുടെ സമയത്ത് ചുമതലയിലേക്ക് എത്തിയ മാര്‍പ്പാപ്പ സ്ഥാനമേറ്റിട്ട് 11 വര്‍ഷം പിന്നിടുകയാണ്. ആഗോളതലത്തില്‍ കത്തോലിക്കാ സഭ വലിയ മൂല്യച്യുതി നേരിടുന്ന സന്ദർഭത്തിലാണ് അർജൻ്റീനക്കാരൻ കർദിനാൾ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ പോപ്പ് ഫ്രാൻസിസ് ആയി സഭയെ നയിക്കാൻ എത്തുന്നത്. പരമ്പരാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും അണുവിട മാറാന്‍ തയ്യാറല്ലാത്ത സഭയുടെ കാര്യത്തിൽ ഇറ്റാലിയന്‍ കര്‍ദിനാള്‍ സംഘത്തിൻ്റെ ഈ തിരഞ്ഞെടുപ്പ് നിർണായകമായി.
കത്തോലിക്കാ സഭയുടെ അതിരുവിട്ട പിന്തിരിപ്പന്‍ നിലപാടുകളില്‍ സമൂലപരിവര്‍ത്തനം ലക്ഷ്യമിട്ട് ഇറങ്ങിപ്പുറപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ ദൃശ്യമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
മലയാളി വൈദികൻ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് നിയമിക്കാന്‍ തയ്യാറായതും മാറ്റത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ മാസം കർദിനാളായി നിയമിച്ച 21 പേരിൽ രണ്ടു പേർ താരതമ്യേന ചെറുപ്പക്കാരാണ്. 51 കാരനായ ജോർജ് കൂവക്കാടിൻ്റേയും യുക്രൈനിൽ നിന്നുള്ള 44 കാരനായ ബിഷപ്പ് മൈക്കോള ബൈചോക്കിൻ്റേയും നിയമനങ്ങൾ ഈ മാറ്റത്തിൻ്റെ തുടക്കമായാണ് വിലയിരുത്തുന്നത്.
പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് പല വിധ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ വരവിന് തീരെ സാധ്യതയില്ലെന്നാണ് വിവരം. ക്രിസ്തുവിന്റെ ജനനത്തിന്റെ 2025 വര്‍ഷാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ റോമിലായിരിക്കും അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here