മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ‘കത്തോലിക്കാ സഭ’ മാസിക, ഭരണ – പ്രതിപക്ഷങ്ങൾ ചങ്ങാത്തമുതലാളിത്തത്തിന് കുടപിടിക്കുന്നു

തൃശൂർ: കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ചങ്ങാത്തമുതലാളിത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ മാസപ്പടിവിവാദമെന്നു സിറോ മലബാർ സഭയുടെ തൃശൂർ അതിരൂപതാ മുഖപത്രം. പാവങ്ങളെ പറ്റിച്ച് കോടികൾ സമ്പാദിക്കാൻ രാഷ്ടീയ വേഷം കെട്ടുന്ന നേതാക്കളുടെ തനിനിറം വെളിപ്പെടുത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കരിമണൽ കമ്പനിയിൽ നിന്നുള്ള മാസപ്പടിയെന്ന് ‘കത്തോലിക്കാ സഭ’ മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ വെളിപ്പെടുത്തുന്നു. അതിരൂക്ഷമായ ഭാഷയിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ‘പുറത്തുവരുന്നത് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ചങ്ങാത്ത മുതലാളിത്തം’ എന്ന ലേഖനത്തിലൂടെ വിമർശനമുന്നയിച്ചിരിക്കുന്നത്.

വീണയും വീണയുടെ കമ്പനിയും ഒരു സേവനവും ചെയ്യാതെ കരിമണൽ കമ്പനിയിൽ നിന്ന് 1.72കോടി രൂപ മാസപ്പടി പറ്റിയെന്നാണ് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ വെളിപ്പെടുത്തൽ. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ കരിമണൽ കമ്പനിയിൽനിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി പറ്റിയതായി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകളിലുണ്ട്. പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ കമ്പനി പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും ലക്ഷങ്ങൾ നൽകിയത്.

വിവാദമായ എ.ഐ ക്യാമറ സ്ഥാപിക്കുന്നതിലും ഖജനാവിന് നഷ്ടമായത് കോടികളാണ്. ഉപകരാറിന്റെ മറവിലാണ് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും കോടികൾ അടിച്ചെടുക്കാൻ അവസരമുണ്ടാക്കിയത്. 50 കോടിക്ക് നടപ്പാക്കാവുന്ന പദ്ധതിയാണ് കരാറും ഉപകരാറും മറികടന്ന് 232 കോടിയിലെത്തിച്ചത്. ഇത്തരം തട്ടിപ്പികൾ നടത്തുന്നവരാണ് നാടുനീളെ വികസനം പ്രസംഗിച്ചു നടക്കുന്നത്. ഇതിന് പിന്നാലെ 400 കോടിയുടെ ഡ്രോൺ ക്യാമറ പദ്ധതി നടപ്പാക്കാനുള്ള നീക്കം അഴിമതിക്ക് അവസരമൊരുക്കാനാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. കരിമണൽ കമ്പനിയിൽനിന്നുള്ള കയ്യിട്ടു വാരൽ പുറത്തായപ്പോൾ പ്രതിപക്ഷത്തിനും നാണക്കേടായി. അവരുടെ പേരുകൾ ചുരുക്കെഴുത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് മാസപ്പടിയല്ലെന്നും സംഭാവനയാണെന്നും സ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രതിപക്ഷം.

രാഷ്ട്രീയത്തിലിറങ്ങുന്നത് നാടു നന്നാക്കാനുള്ള അതിമോഹം കൊണ്ടല്ലെന്നും സമ്പത്ത് കുന്നു. കൂട്ടാനുള്ള എളുപ്പവഴിയാണന്നും എല്ലാവർക്കും മനസ്സിലായിട്ടുണ്ട്. ഓരോ വികസന പദ്ധതികൾ പറഞ്ഞ് ഖജനാവ് കൊള്ളയടിച്ച് പൊതുജനത്തെ കബളിപ്പിക്കാനാണ് ഇപ്പോൾ പ്രിയം. എല്ലാവർക്കും വിഹിതം കിട്ടുകയാണെങ്കിൽ പിന്നെ എതിർപ്പുണ്ടാകില്ല. എതിർപ്പുണ്ടാകാതിരിക്കാൻ സ്വകാര്യ കുത്തകകളാണെങ്കിൽ എല്ലാവരെയും പ്രീണിപ്പിക്കും. അതാണ് കരിമണൽ മാസപ്പടിയിൽ കണ്ടത്. ഈ ചങ്ങാത്ത മുതലാളിത്തം എന്ന അഴിമതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന് യുഡിഎഫിലെ പ്രമുഖർ സമ്മതിച്ച് രംഗത്തെത്തിയപ്പോൾ എൽഡിഎഫിനും ആശ്വാസമായി. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ക്കെതിരെ പ്രതിപക്ഷം ആരോപണം തുടർന്നപ്പോൾ ഒരു കോൺഗ്രസ് എംഎൽഎയുടെ മൂന്നാറിലെ ഭൂമിയിടപാടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി എൽഡിഎഫും രംഗത്തെത്തി. ഇത് മാസപ്പടി വിവാദത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. എറണാകുളം ജില്ലയിൽ ഒരു എംഎൽഎ രണ്ടാംവട്ടം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്ത് കോടികളുടേതാണ്. ആദ്യവട്ടം മൽസരിക്കുമ്പോൾ ലക്ഷങ്ങളേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ സാമ്പത്തിക വളർച്ച പെട്ടെന്നാണെന്നാണ് ഇത് കാണിക്കുന്നതെന്ന് മാസിക കുറ്റപ്പെടുത്തുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top