ഈ ദുരന്തമുഖത്തെങ്കിലും പി.ടി.തോമസിനോട് കത്തോലിക്കാസഭ മാപ്പുപറയുമോ? നേരിടുന്നത് മുന്നറിയിപ്പുകൾ അവഗണിച്ചതിൻ്റെ ഫലം

ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാരവും ആചാരപ്രകാരമുള്ള ശവഘോഷയാത്രയും കാണേണ്ടിവന്ന കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയും ആയിരുന്നു പി.ടി.തോമസ്. പ്രകൃതി സ്‌നേഹിയായ ആ നേതാവിനെ വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ക്കാതിരിക്കാന്‍ ആവില്ല.

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിരേ 11 വര്‍ഷം മുമ്പായിരുന്നു കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടന്നത്. സഭയുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്തതിന്റെ പേരില്‍ ഇടുക്കി എം.പി. ആയിരുന്ന പി.ടി.തോമസിനെതിരേ ഇടുക്കി മെത്രാനും സംഘവും പരസ്യമായി രംഗത്തുവന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും സഭയുടെ തിട്ടൂരങ്ങള്‍ക്കൊപ്പം നിന്നു. പി.ടി.തോമസിന്റെ നിലപാടുകളോടു യോജിപ്പുണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ ഭയമായിരുന്നു. സഭയുടെ പ്രതികാരം ഉണ്ടാകുമോ എന്നായിരുന്നു പേടി. പക്ഷേ പറവൂര്‍ എം.എല്‍.എയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വി.ഡി.സതീശന്‍ ഇടുക്കി ബിഷപ്പിന്റെ നിലപാടിനെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും പി.ടിയെ പിന്തുണയ്ക്കുകയും ചെയ്തു.

പി.ടിയോടുള്ള വിയോജിപ്പിന്റെ ഭാഗമായി സിറോ മലബാര്‍ സഭയിലെ വൈദികര്‍ പങ്കെടുത്ത പ്രതീകാത്മക ശവഘോഷയാത്ര ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു. സഭയുടെ ഒത്താശയോടെ സംഘടിപ്പിച്ച ഈ പ്രതിഷേധത്തിൽ പി.ടിയുടെ ശവപ്പെട്ടി ഏന്തി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ധാരാളം വൈദികരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ശവഘോഷയാത്രയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ സാധാരണ പാടുന്ന ‘മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്യാ നീ, കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും’ എന്ന പാട്ടും ആ വിലാപയാത്രകളില്‍ മുഴങ്ങിക്കേട്ടു. പി.ടി.തോമസിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളുടെ മുന്നിലൂടെയായിരുന്നു ഈ ‘ആചാരയാത്ര’കള്‍.

2018ലെ വന്‍ പ്രളയം ഇടുക്കി ജില്ലയെ തകര്‍ത്തു. അതിനുശേഷം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പഴയ നിലപാടും പി.ടി. ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തനിക്കെതിരേ സഭ നടത്തിയ പ്രതീകാത്മ വിലാപയാത്രയെക്കുറിച്ചു പി.ടി.തോമസ് തന്നെ പല വേദികളിലും തുറന്നുപറഞ്ഞു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴും പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

സഭയെ ഭയന്ന് 2014ൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് ലോക് സഭ സീറ്റ് നിഷേധിച്ചു. പാർട്ടിയുടെ നട്ടെല്ലില്ലാത്ത നിലപാട് പിടി യെ വല്ലാതെ ഉലച്ചു കളഞ്ഞു. തൊട്ടുപിന്നാലെ ഒരു ട്രെയിൻ യാത്രക്കിടയിൽ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. സീറ്റ് നിഷേധിച്ചതിൻ്റെ പേരിൽ കലാപത്തിനോ, പ്രസതാവന ഇറക്കാനോ ഒന്നും അദ്ദേഹം മുതിർന്നില്ല. അച്ചടക്കമുള്ള പാർട്ടിക്കാരനായി കോൺഗ്രസിൽ തുടർന്നു.

സമരത്തിനു സകല ഒത്താശയും ചെയ്തുകൊടുത്തതു കത്തോലിക്ക സഭയുടെ ഇടുക്കിയിലെ പ്രധാന തലവനായിരുന്നു. ജീവിച്ചിരിക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ശവഘോഷയാത്ര നടത്തിയ വൈദികര്‍ക്കെതിരേ ഒരു നടപടിയും സഭാനേതൃത്വം സ്വീകരിച്ചില്ല. വൈദികരുടെ നടപടി തെറ്റാണെന്ന് ഒരു മെത്രാനും പറഞ്ഞില്ല. സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ച നടപടിയെ ക്രിസ്തുവിന്റെ അനുയായികളായ ആരും അപലപിച്ചില്ല. നീതിമാനും പ്രകൃതിസ്‌നേഹിയുമായ ആ മനുഷ്യനോട് കാണിച്ച അനീതിയോട് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ ആരും പ്രതിഷേധിച്ചതുമില്ല. പല മാധ്യമങ്ങളും ശവഘോഷയാത്രയുടെ വാര്‍ത്ത മുക്കി.

ജീവിച്ചിരിക്കുന്നവനു കുഴിവെട്ടിയ സഭയുടെ നടപടി തെറ്റെന്നു പറയാന്‍ സാംസ്‌കാരിക നായകര്‍ ആരും തയ്യാറായില്ല. ജീവനോടെ ഇരിക്കുന്ന ഒരാളുടെ ശവഘോഷയാത്ര നടത്തിയത് ഏതു വിശ്വാസപ്രമാണത്തിന്റെ ഭാഗമായിട്ട് ആയിരുന്നു എന്ന് ആരും ആരാഞ്ഞില്ല. സഭാനിയമം ഇത്തരമൊരു ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയോ എന്നാരും ചോദിച്ചില്ല. പല സമരങ്ങളും കണ്ടിട്ടുള്ള കേരളത്തില്‍ ഇത്രയും മോശമായ ഒരു സമരമാര്‍ഗം അലംബിച്ചതിനെ ഇന്നും ആരും അപലപിക്കാറില്ല.

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നത്. അതു തുറന്നു പറയുന്നവരെ ശവഘോഷയാത്ര നടത്തി ജീവനോടെ കൊല്ലാക്കൊല ചെയ്യുന്നത് ശരിയാണോ എന്ന് ഈ ദുരന്തമുഖത്തെങ്കിലും ആലോചിക്കണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top