ഛത്തീസ്ഗഡിലെ നൂറിലധികം ആദിവാസികള്‍ ഘര്‍വാപ്പസി നടത്തിയെന്ന് ആര്‍എസ്എസ്; അവകാശവാദം തെറ്റെന്ന് കത്തോലിക്ക സഭ
റായ്പൂര്‍: ഛത്തീസ്ഗഡിലെ ക്രിസ്ത്യാനികളായ നൂറിലധികം ആദിവാസി കുടുംബങ്ങളെ ഹിന്ദു വിശ്വാസത്തിലേക്ക് ഘര്‍വാപ്പസി ( വീട്ടിലേക്ക് മടക്കം) നടത്തിയെന്ന ആര്‍എസ്എസിന്റെ അവകാശവാദം തെറ്റെന്ന് കത്തോലിക്ക വൈദികന്‍. ഹിന്ദുക്കളായ ആദിവാസികളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കിയെന്ന് ആര്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. ഇവരുടെ ഘര്‍വാപ്പസിക്ക് ഹിന്ദു സംഘടനകള്‍ വലിയ പ്രചാരവും നല്‍കിയിരുന്നു.
ആദിവാസികളായ 120 പേരെ ഹിന്ദു വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒമ്പത് ദിവസം നീണ്ടു നിന്ന പൂജകളും പ്രാര്‍ത്ഥനകളും ചില ഹിന്ദു സംഘടനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ പാടേ തള്ളുകയാണ് അംബികാപൂര്‍ രൂപതയിലെ വൈദികനായ ഫാദര്‍ അഖിലേഷ് എക്ക. ഈ ആദിവാസികളാരും തന്നെ ഹിന്ദു – ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ പിന്തുടരുന്നവരല്ലെന്ന് ഫാ. എക്ക യുണൈറ്റഡ് കാത്തലിക് ന്യൂസിനോട് പറഞ്ഞു.
ചത്തീസ്ഗഡിലെ ബല്‍റാം ജില്ലയിലെ ചാന്ദോ ഗ്രാമത്തിലെ 50 ആദിവാസി കുടുംബത്തില്‍പ്പെട്ട 120 പേര്‍ ഹിന്ദുമതത്തിലേക്ക് മടങ്ങിയെന്നായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ അവകാശവാദം തെറ്റാണെന്നാണ് കത്തോലിക്ക വൈദികന്റെ അവകാശവാദം. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഘര്‍വാപ്പസി ചടങ്ങുകള്‍ നടത്തിയത്. മതപരിവര്‍ത്തനം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമം ഇവിടെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെങ്കില്‍ 30 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് അധികാരികള്‍ക്ക് നല്‍കണമെന്നാണ് ഛത്തിസ്ഗഡിലെ നിയമം. ഇത് ലംഘിച്ചാല്‍ രണ്ട് മുതല്‍ 10 വര്‍ഷം വരെ തടവും 25000 രുപ പിഴയുമാണ് ശിക്ഷ. ബിജെപി ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here