കന്യാസ്ത്രീ തമിഴ്‌നാട്ടിലെ മഠത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ; മരണത്തില്‍ ദുരൂഹത; അന്വേഷണ സമിതി രൂപീകരിക്കാന്‍ ആവശ്യം

തേനി: കന്യാസ്ത്രിയെ മഠത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫ്രാൻസിസ്‌ക്കൻ കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ജാനറ്റ് മേരിയെയാണ് (35) ഈസ്റ്ററിന് തൊട്ടടുത്ത ദിവസം മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സി.ജാനറ്റിന്റെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് അന്വേഷണ സമിതി രൂപീകരിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നലെ ചെന്നൈയിലെ സഭാ ആസ്ഥാനത്തായിരുന്നു മൃതസംസ്കാരം.
തേനി സ്‌കൂളിലെ അധ്യാപികയായിരുന്നു സി.ജാനറ്റ്. മധുര അതിരൂപതയുടെ കീഴിലുള്ള മഠത്തിൽ രണ്ട് കന്യാസ്ത്രീകളോടൊപ്പമാണ് താമസിച്ചിരുന്നത്. ഏപ്രിൽ ഒന്നിനാണ് സി.ജാനറ്റിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. കന്യാസ്ത്രിയുടെ മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കടന്നത്. സി.ജാനറ്റിന്‍റെ മൊബൈല്‍ ഫോണും സ്വകാര്യ ഡയറിയും കാണാനില്ലെന്നും പോലീസ് പറഞ്ഞു.
കന്യാസ്ത്രീയുടെ മൃതദേഹം ചെന്നൈയിലെ സെൻ്റ് തോമസ് മൗണ്ടിലെ കോൺഗ്രിഗേഷനില്‍ എത്തിച്ചപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായി. ഇതേത്തുടര്‍ന്ന് സിസ്റ്ററിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍ സുപ്പീരിയർ ജനറല്‍ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു.
തേനിയിൽ തിരുവണ്ണാമലൈ സ്വദേശിയായിരുന്നു സിസ്റ്റര്‍ ജാനറ്റ്. വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കള്‍ മരിച്ചു. രണ്ട് സഹോദരന്മാരാണ് ഉള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here