ക്രൈസ്തവ വേട്ട വീണ്ടും; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്; വ്യാജ ആരോപണങ്ങളെന്ന് കത്തോലിക്ക സഭ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ട നിര്‍ബാധം തുടരുന്നു. മധ്യപ്രദേശിലെ ജബല്‍പൂരിലും ഒഡീഷയിലെ ബഹറാംപൂരിലും മലയാളി കത്തോലിക്ക വൈദികരെ സംഘപരിവാര്‍ സംഘടനയില്‍ പെട്ടവരും, പോലീസും ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങള്‍ പാര്‍ലമെന്റിലടക്കം ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ നഴ്‌സിംഗ് കോളജിലെ മലയാളി കന്യാസ്ത്രിയും പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ഛത്തീസ്ഗഡിലെ ജാഷ്പൂര്‍(Jashpur ) ജില്ലയിലെ കുങ്കുരി (Kunkuri) ടൗണിലെ ഹോളിക്രോസ് നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഞായറാഴ്ചയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തത്. (FIR No. 76/ 2025) ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് സിസ്റ്റര്‍ ബിന്‍സി ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി – ജിഎന്‍എം (General Nursing and Midwifery – GNM) അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ പരാതിക്കാരി ഈ വര്‍ഷം ജനുവരി മുതല്‍ കോഴ്‌സിന്റെ ഭാഗമായുള്ള ഹോസ്പിറ്റല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കയാണ്. ഇതോടൊപ്പം അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായ തിയറി ക്ലാസുകള്‍ക്കും വരാറിലായിരുന്നു. ഇങ്ങനെ നിരന്തരം പ്രതിദിന ക്ലാസുകളില്‍ നിന്നും പ്രാക്ടിക്കലുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതായി അധ്യാപകരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളുമായി കോളജിലെത്താന്‍ താന്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെങ്കിലും ആരും വന്നില്ല.
കോളജില്‍ നിന്ന് പലവട്ടം നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പെണ്‍കുട്ടി കോളജില്‍ ഹാജരായി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കയുള്ളു എന്നറിയിച്ചു. നിലവില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്ടിക്കലിനും 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷക്ക് എഴിതാന്‍ കഴിയുകയുള്ളൂ. പരാതിക്കാരിക്ക് വെറും 32 ശതമാനം ഹാജര്‍ മാത്രമാണുള്ളത്. എന്നിട്ടും തിയറി പരീക്ഷ എഴുതാന്‍ അനുവദിച്ചു. പക്ഷേ, പ്രാക്ടിക്കലും ആശുപത്രി വാര്‍ഡ് ഡ്യൂട്ടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവെന്ന് കുട്ടിയോട് വ്യക്തമാക്കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരാതിക്കാരിയുടെ അമ്മയേയും സമയാസമയങ്ങളില്‍ അറിയിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് പെണ്‍കുട്ടി ജില്ലാ കലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും തന്നെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാന്‍ പ്രിന്‍സിപ്പല്‍ ബിന്‍സി സമ്മര്‍ദം ചെലുത്തുന്നു എന്ന് കാണിച്ച് ഈ മാസം രണ്ടിന് പരാതി നല്‍കിയത്. ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ ഛത്തീസ്ഗഡില്‍ കഴിഞ്ഞ കാലങ്ങളില്‍ വ്യാപകമായ തോതില്‍ അക്രമങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിയിരുന്നു. ഭയത്തിന്റെ അന്തരീക്ഷത്തിലാണ് ഇവിടെ ക്രിസ്ത്യാനികള്‍ കഴിയുന്നത്. പെണ്‍കുട്ടിയെ മതം മാറ്റാന്‍ താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും ഈ സ്ഥാപനത്തിനെതിരെ ഒരിക്കല്‍ പോലും ഇത്തരം ആരോപണങ്ങള്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ബിന്‍സി പറഞ്ഞു. തികച്ചും കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1958ല്‍ കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ ഒരു ചെറിയ ഡിസ്‌പെന്‍സറിയായി ആരംഭിച്ചതാണ് ഹോളി ക്രോസ് ആശുപത്രി. ഇന്നിപ്പോള്‍ 150 കിടക്കകള്‍ ഉള്ള ആധുനിക സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു. ജാഷ്പൂര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനമാണ് ഹോളിക്രോസ് ആശുപത്രി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here