കത്തോലിക്ക സഭയില്‍ വൈദികരുടേയും കന്യാസ്ത്രീകളുടേയും എണ്ണം കുറയുന്നു; വിശ്വാസികളുടെ ജനസംഖ്യ കൂടുന്നതായും വത്തിക്കാന്‍ റിപ്പോര്‍ട്ട്

ലോകത്ത് കത്തോലിക്കരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വൈദികരുടേയും കന്യാസ്ത്രീകളുടേയും എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നതായി വത്തിക്കാന്‍ റിപ്പോര്‍ട്ട്. 2022നും 2023നും ഇടയില്‍ സമര്‍പ്പിതരായ വൈദികരുടെയും സന്യാസിനികളുടെയും എണ്ണത്തില്‍ 1.6% കുറവുണ്ടായി. 2022ല്‍ 5,99,228 പേരാണ് ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ 5,89,423 ആയി കുറഞ്ഞു. ആഗോളതലത്തില്‍ കുറവുണ്ടെങ്കിലും സമര്‍പ്പിതരായ സ്ത്രീകളുടെ എണ്ണത്തില്‍ ആഫ്രിക്ക 2.2% വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വത്തിക്കാനിലെ സെന്‍ട്രല്‍ ഓഫീസ് ഓഫ് ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലുള്ളത്.
കത്തോലിക്കരുടെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോഴും ലോക വ്യാപകമായി വൈദിക സെമിനാരികളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ( സെമിനാരിയന്‍സ് – Seminarians) എണ്ണത്തില്‍ വന്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2012 മുതല്‍ ഈ കുറവ് അനുഭവപ്പെടുന്നുണ്ട്. സെമിനാരി പഠനത്തിനായി 2022ല്‍ 108, 481 വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്ന സ്ഥാനത്ത് 2023 ആയപ്പോള്‍ 106495 ആയി കുറഞ്ഞു. പഠിതാക്കളുടെ എണ്ണം കുറയുന്നതു മൂലം വൈദികരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. 2023 ല്‍ ലോകവ്യാപകമായി 406996 വൈദികരുണ്ടായിരുന്നു. 2022 നേക്കാള്‍ 734 പേരുടെ കുറവുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഗണ്യമായ കുറവ് അനുഭവപ്പെട്ടിരിക്കുന്നത്.
വൈദികരുടേയും വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുമ്പോഴും ബിഷപ്പ് മാരുടെ എണ്ണം 14 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ 5430 ബിഷപ്പുമാരാണ് ആഗോള കത്തോലിക്കാ സഭയ്ക്കുള്ളത്. 259,000 വിശ്വാസികള്‍ക്ക് ശരാശരി ഒരു ബിഷപ്പാണുള്ളത്. കന്യാസ്ത്രികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2022ല്‍ 599,228 ആയിരുന്നെങ്കില്‍ 2023ല്‍ 589,423 ആയി കുറഞ്ഞുവെന്നാണ് വത്തിക്കാന്റെ റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ കന്യാസ്ത്രീകളുടെ എണ്ണത്തില്‍ 2.2 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും വലിയ കുറവുണ്ടായിട്ടുണ്ട്.
ആഗോള കത്തോലിക്കാ ജനസംഖ്യ 2022നും 2023നുമിടയില്‍ 1.15 ശതമാനം വര്‍ധിച്ചു. അതായത്, 139 കോടിയില്‍നിന്ന് 140.6 കോടിയായി ഉയര്‍ന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് സഭയ്ക്ക് ഏറ്റവുമധികം വളര്‍ച്ചയുള്ളത്. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ 3.31% വര്‍ധിച്ച് 2022ലെ 272 ദശലക്ഷത്തില്‍ നിന്ന് 2023ല്‍ 281 ദശലക്ഷമായി. നിലവില്‍ ലോകത്തിലെ കത്തോലിക്കാജനസംഖ്യയില്‍ 20 ശതമാനവും ആഫ്രിക്കയിലാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള ഭൂഖണ്ഡം അമേരിക്കയാണ്. മൊത്തം കത്തോലിക്കരില്‍ 47.8 ശതമാനവും ഈ ഭൂഖണ്ഡത്തിലാണുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 0.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇതില്‍ത്തന്നെ 27.4% പേര്‍ തെക്കേ അമേരിക്കയിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യം ബ്രസീലാണ്. 182 ദശലക്ഷം കത്തോലിക്കരാണ് ഇവിടെയുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here